കോന്നിയില്‍ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

കോന്നി: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോന്നി മങ്ങാരം പൊന്തനാംകുഴി കോളനിയിലെ അങ്കണവാടിയില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്പെഷല്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഇതുവരെ പ്രദേശത്തുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്നു എന്നത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ ബലത്തിന്റെ ഫലമായാണ്. ജീവിതത്തില്‍ നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. എന്നാല്‍, ഓരോന്നിനും പരിഹാരം കുടുംബത്തില്‍ നിന്നോ സുഹൃത്ത് ബന്ധങ്ങളില്‍ നിന്നോ ലഭിക്കണമെന്നില്ല. അതിലുപരിയായി നമ്മുടെ സമൂഹത്തിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയുമൊക്കെ ഇടപെടല്‍ വേണ്ടി വന്നേക്കാം.
കോവിഡിനെ സംബന്ധിച്ചാണെങ്കില്‍ പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് പോകുന്നു എന്നുണ്ടെങ്കില്‍ അതില്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുള്ള ശക്തമായ ഇടപെടലിന്റെ ഭാഗമായാണ്. അത്തരത്തില്‍ ഓരോ രംഗത്തും ജനാധിപത്യത്തിന്റെ പൊരുള്‍ എന്താണ് എന്നത് മനസിലാക്കാന്‍ കഴിയുന്ന കാലഘട്ടമാണിത്.

Advertisements

പൊതുജനങ്ങളായ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന എന്നത് വളരെ ലളിതമായ വോട്ട് ചെയ്യുക എന്ന കര്‍ത്തവ്യമാണ്. മതിയായ പ്രാധാന്യം അതിന് നല്‍കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്താനുള്ള പ്രചോദനം നല്‍കണം. പുതുക്കിയ സംക്ഷിത വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ എന്തെങ്കിലും മാറ്റങ്ങളോ തിരുത്തോ ഉണ്ടെങ്കില്‍ അവ ചെയ്യാനും സാധിക്കും.
ഈ പ്രക്രിയയിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് സര്‍ക്കാരിനെയും ജനാധിപത്യത്തെയുമൊക്കെ കുറച്ച് കൂടി അടുത്തറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. സമ്മതിദാനം എന്നത് ഒരു ദിവസത്തെ മാത്രം പ്രക്രിയയല്ല. വിവേകപൂര്‍വം വോട്ട് ചെയ്യണം. പുതുക്കിയ സംക്ഷിത വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, കോന്നി തഹസീല്‍ദാര്‍ ശ്രീകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സന്തോഷ് ജി.നാഥ്, ശ്രീനഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ജഗീഷ് ബാബു, കോളനി നിവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.