കോന്നി: ഹെല്‍ത്ത് കെയര്‍ മേഖലയിലെ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യപരിചരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട സേവനം നല്‍കിക്കൊണ്ട് കേരളത്തെ ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോന്നി ഗവണ്‍മെന്റ്് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു സഹായകമായ കെയര്‍ പോളിസി രൂപീകരിക്കാനും നടപ്പിലാക്കാനും അതിനായി സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോന്നി ഗവ മെഡിക്കല്‍ കോളജിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ കാമ്പസിലൂടെ കണ്ണോടിച്ചാല്‍ തന്നെ അത് വ്യക്തമാകും. കോന്നി മെഡിക്കല്‍ കോളജ് പത്തനംതിട്ട ജില്ലയുടെ വികസനത്തിന് വലിയ തോതില്‍ ഉപകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുതകുന്ന ഒരു ചുവടുവയ്പ്പാണ് കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ലോക്കും അതിലെ സൗകര്യങ്ങളും. 40 കോടി രൂപയാണ് 1,65,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ അക്കാദമിക് ബ്ലോക്കിനായി ചെലവഴിച്ചത്. ഇതിന്റെ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച ആശുപത്രി ബ്ലോക്ക് 2020 ല്‍ നാടിനു സമര്‍പ്പിച്ചിരുന്നു. ഇന്നിപ്പോള്‍ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാകുന്ന ഒരു മെഡിക്കല്‍ കോളജായി ഇത് വളര്‍ന്നു.
ഈ മെഡിക്കല്‍ കോളേജിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള 200 കിടക്കകളുളള രണ്ടാമത്തെ ബ്ളോക്കിന്റെ നിര്‍മാണം ആരംഭിച്ചു. ആശുപത്രിയുടെയും കോളജിന്റെയും അനുബന്ധമായി നിര്‍മിക്കേണ്ട മറ്റ് അത്യാവശ്യ അടിസ്ഥാനസൗകര്യങ്ങളായ അഡ്മിന്സ്ട്രേറ്റീവ് ബ്ലോക്ക്, 450 ഓളം കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവ ഒരുങ്ങുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലെ മൂന്നാമത്തെ നൂറുദിന കര്‍മ്മപരിപാടിയാണ് ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയായി നടന്നുവരുന്നത്.
ആകെ 1,284 പദ്ധതികളിലായി 15,896 കോടി രൂപയാണ് വിനിയോഗിക്കുന്നത്. സര്‍ക്കാരിന്റെ രണ്ടാം
വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചത്.
ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളുടെ കാര്യത്തില്‍ ലോകം ശ്രദ്ധിക്കുന്ന ഒരിടമാണ് കേരളം. പൊതുജനാരോഗ്യ സേവനങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കുന്ന കാര്യത്തില്‍ നമ്മള് ലോകത്തിനു തന്നെ മാതൃകയാണ്. കുറഞ്ഞ ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും ആയുര്‍ദൈര്‍ഘ്യത്തിലുമെല്ലാം നമ്മുടെ നേട്ടങ്ങള്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്. നിവാരണം ചെയ്യേണ്ടവ എന്ന് നമ്മുടെ രാജ്യം നിശ്ചയിച്ചിട്ടുള്ള രോഗങ്ങളെ നിവാരണം ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം.
നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ നമ്മള് ഒന്നാം സ്ഥാനത്താണ്.
മാരകമായ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവയെ കാര്യക്ഷമമായി തടഞ്ഞുനിര്‍ത്താന്‍ നമുക്കു കഴിഞ്ഞത് നമ്മുടെ ആരോഗ്യരംഗത്തിന്റെ ജനകീയസ്വഭാവവും സാര്‍വത്രികതയും കൊണ്ടാണ്. ഈ നേട്ടങ്ങളുടെയൊക്കെ മധ്യത്തിലും ആരോഗ്യമേഖലയില്‍ നാം ഗൗരവത്തോടെ സമീപിക്കേണ്ട പല വിഷയങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് സാംക്രമിക രോഗങ്ങളുടെ തിരിച്ചുവരവ്, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും കാരണമുണ്ടാകുന്ന രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവ.
ഇവയെയെല്ലാം ഫലപ്രദമായി നേരിട്ടാല്‍ മാത്രമേ ആരോഗ്യമേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങളെ സംരക്ഷിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെടുന്നതിനും നമുക്കു കഴിയുകയുള്ളൂ. ഇത് ലക്ഷ്യംവച്ചാണ് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷന് ആവിഷ്ക്കരിച്ച് നടപ്പാക്കിവരുന്നത്. അതിലൂടെ ഇതിനോടകം 630 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ആര്.തുളസീധരന്‍ പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്, സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുന്‍ എംഎല്‍എ രാജു എബ്രഹാം, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാന് പോളച്ചിറയ്ക്കല്‍, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല, എന്‍സിപി ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരില്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരില്‍, ഡി.എംഒ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, എന്‍എച്ച്എം ഡിപിഎം എസ്. ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.എ. ഷാജി, പിടിഎ പ്രസിഡന്റ് ജനിത വിനോദ്,
ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.