മല്ലപ്പള്ളി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തിൽ ഏർപ്പെടുത്തിയിരുന്നത് പഴുതടച്ച ക്രമീകരണങ്ങൾ. അദാലത്തിൽ എത്തുന്ന ആളുകളുടെ പരാതികൾ മന്ത്രിമാരുടെ പക്കൽ എത്തിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന മികച്ച ക്രമീകരണങ്ങൾ അദാലത്ത് പ്രവർത്തനങ്ങൾ സുഗമമാക്കി. ഇത് എത്തിച്ചേർന്ന ജനങ്ങൾക്ക് സഹായകവും ആശ്വാസകരവുമായി.
മുൻപേ അപേക്ഷ നൽകിയവർക്കും, പുതുതായി അപേക്ഷ നൽകാനെത്തിയവർക്കുമായി പ്രത്യേക ഹെൽപ്പ് ഡെസ്കുകളാണ് ഒരുക്കിയിരുന്നത്. ആളുകൾക്ക് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് ഹെൽപ്പ് ഡെസ്ക്കുകളിൽ നിന്ന് അപേക്ഷയോടൊപ്പം ടോക്കൺ നമ്പരുകൾ നൽകി. ഹെൽപ്പ് ഡെസ്കിൽ നിന്നും വോളണ്ടിയർ അപേക്ഷകനോടൊപ്പം ബന്ധപ്പെട്ട വകുപ്പിൽ എത്തിയാണ് ടോക്കൺ നമ്പർ നൽകിയത്. എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ടീം അദാലത്ത് നടന്ന ഹാളിൽ സഹായം നൽകുന്നതിനായി സജ്ജരായി ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓഡിറ്റോറിയത്തിൽ അപേക്ഷകന് വിശ്രമിക്കാനുള്ള സൗകര്യവും കുടിവെള്ളവും ഒരുക്കിയിരുന്നു. നമ്പർ വിളിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട വകുപ്പും, പരാതിക്കാരും പരാതി പരിഹാരത്തിനായി മന്ത്രിമാർക്ക് അരികിലേക്ക് ഒരുമിച്ചെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. വലിയ ജനത്തിരക്കിലും കൃത്യമായ ക്രമീകരണം ഏർപ്പെടുത്തിയത് അദാലത്തിൻ്റെ നടത്തിപ്പ് സുഗമവും ജനപ്രിയവുമാക്കി. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ , ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർ എന്നിവർക്കായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.