തൊടുപുഴ: കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ് കടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ അലോട്ടി കുറ്റവിമുക്തൻ. ആർപ്പൂര കൊപ്രായിൽ ജെയിസ് മോൻ ജേക്കബ് (അലോട്ടി 31), കഞ്ചാവ് കടത്തിയ ലോറിയുടെ ഉടമ കുമാരനല്ലൂർ ചൂരക്കാട്ട് സി.ആർ നിബുമോൻ (നീലിമംഗലം അപ്പു – 29) എന്നിവരെയാണ് തൊടുപുഴ നർക്കോട്ടിക് കോടതി കുറ്റവിമുക്തരാക്കിയത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ അലോട്ടിക്ക് വേണ്ടി ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് ചരക്കു ലോറി വഴി കടത്തിയ 60 കിലോ കഞ്ചാവ് കടുത്തുരുത്തി പോലീസ് പിടികൂടിയിരുന്നു.
കൊലക്കേസിൽ പ്രതിയായ കാപ്പ ചുമത്തി ജില്ലാ പൊലീസ് ജയിലിൽ അടച്ച അലോട്ടിയ്ക്കു വേണ്ടി എത്തിച്ച കഞ്ചാവാണ് ഇതെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം. മുപ്പതോളം സാക്ഷികളും, പത്തോളം മെറ്റീരിയൽ ഒബ്‌ജെക്ടസും ഹാജരാക്കിയ കേസിൽ നാലാം പ്രതി അലോട്ടിയെയും മൂന്നാം പ്രതി ലോറി ഉടമെയും തൊടുപുഴ എൻ. ഡി. പി. എസ് സ്‌പെഷ്യൽ കോടതി മഹേഷ് ബി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020 ജൂൺ 17 നാണ് ആന്ധ്രയിൽ നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവ് പൊലീസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂർ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കൽ വീട്ടിൽ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളിൽ ഗോപു (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അലോട്ടിക്ക് വേണ്ടി അഡ്വ. സൂരജ് എം കർത്താ ഹാജരായി. മറ്റു പ്രതികൾക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.