ആലപ്പുഴ : അമ്പലപ്പുഴയിൽ കാപ്പ നിയമ പ്രകാരം യുവാവിനെ റിമാൻഡു ചെയ്തു. വണ്ടാനം കാട്ടുമ്പുറം വെളി വീട്ടിൽ കോയമോൻ എന്നു വിളിക്കുന്ന ഫിറോസ് (36) ആണ് റിമാൻഡിലായത്. മണ്ണഞ്ചേരി, ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, പുന്നപ്ര, തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂർ, ചേർത്തല, കരീലകുളങ്ങര, അടൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ മാലപിടിച്ചുപറിച്ച 16 ഓളം കേസുകളിൽ പ്രതിയാണിയാൾ. വണ്ടാനത്താണ് ഇയാളുടെ മേൽ വിലാസമെങ്കിലും വല്ലപ്പോഴുമേ ഫിറോസ് ഇവിടെ എത്താറുള്ളെന്ന് നാട്ടുകാർ പറഞ്ഞു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 2007 ലെ സെക്ഷൻ 3(1) ചുമത്തി കളക്ടറുടെ നിർദ്ദേശാനുസരണമാണ് ഫിറോസിനെ അറസ്റ്റു ചെയ്തത്.
പുന്നപ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ലൈസാദ് മുഹമ്മദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സേവ്യർ, സിപിഒ മാരായ എം കെ വിനിൽ, രതീഷ്, സുഭാഷ് തോട്ടപ്പള്ളി, സുഭാഷ് ഉൾപ്പെട്ട സംഘമാണ് ഫിറോസിനെ ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തത്.