കോട്ടയം : കൊല്ലം കൊട്ടാരക്കരയിൽ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിലങ്ങണിയിച്ചിരുന്നോ എന്ന വിവാദങ്ങൾക്കിടെ കോട്ടയത്ത് പ്രതിയെ വിലങ്ങണിയിച്ച പൊലീസുകാർക്കും ജയിൽ സൂപ്രണ്ടിനും കാരണം കാണിക്കൽ നോട്ടീസ്. കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകട കേസിൽ പ്രതിയായ യുവാവിനെ കോടതിയിൽ എത്തിച്ചപ്പോൾ വിലങ്ങു ധരിപ്പിച്ചതിന്റെ പേരിലാണ് രണ്ടു പോലീസുകാർക്കും ജില്ലാ ജയിൽ സൂപ്രണ്ടിനും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.
കോട്ടയം അഡീഷണൽ സെഷൻസ് അഞ്ചാം കോടതി ജഡ്ജാണ് ജില്ല ജയിൽ സൂപ്രണ്ടിനും , സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും നോട്ടീസ് കൊടുത്തത്. ഏറ്റുമാനൂരിൽ കഴിഞ്ഞ ജനുവരിയിൽ അമ്മയെയും മകളെയും ഇടിച്ചു വീഴ്ത്തിയ കാറിന്റെ ഡ്രൈവറായ യുവാവിനെ കോടതിയിൽ എത്തിച്ചപ്പോൾ വിലങ്ങണിയിച്ചതിന്റെ പേരിലാണ് നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈസൻസില്ലാതെ വാഹനം ഓടിച്ച കേസിൽ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് കാലാവധിയ്ക്കിടെ യുവാവിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ വിലങ്ങണിയിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ വിലങ്ങണിയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ വിലങ്ങണിയിച്ചത് ചോദ്യം ചെയ്ത കോടതി ജില്ലാ ജയിൽ സൂപ്രണ്ടിന് നോട്ടീസ് അയച്ചു. തുടർന്ന് സൂപ്രണ്ട് പ്രതികയുമായി പോയ പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകി.
ഈ കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി പ്രതിയെയുമായി പോയ രണ്ടു പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. അഞ്ചുദിവസത്തിനകം വിഷയത്തിൽ വിശദീകരണം നൽകണമെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നോട്ടീസ്.