അമ്പലപ്പുഴ: നാലുവർഷം മുമ്പ് കാണാതായ സഹോദരനെ തേടി ചത്തീസ്ഗഡിൽ നിന്നും സഹോദരി ശാന്തി ഭവനിൽ എത്തി. ചത്തീസ്ഗഡ് ടിക്റിപാറ അംഗൻവാടി സി.ജി.നഗർ ജൂലി കർമ്മാറാണ് സഹോദരൻ സാഹിബ് മണ്ഡലിനെ (41) കാണാനെത്തിയത്. ചത്തീസ്ഗഡിൽ കട നടത്തിയിരുന്ന സാഹിബ് വ്യാപാരം തകർന്നതിനെ തുടർന്ന് മനോനില തെറ്റി അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ എത്തിയതായിരുന്നു.
ആലപ്പുഴ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ ഇയാളെ പൊതുപ്രവർത്തകരാണ് പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചത്. ഇവിടുത്തെ ചികിത്സയിൽ രോഗം ഭേദമായതോടെ സാഹിബ് പ്രത്യാശ പ്രവർത്തകരോട് മേൽവിലാസം വെളിപ്പെടുത്തി. തുടർന്ന് പ്രത്യാശ പ്രവർത്തകരാണ് സഹോദരിയുടെ മേൽവിലാസം കണ്ടെത്തി വിവരം ധരിപ്പിച്ചത്. എൽ.ഐ.സി ഏജന്റ് ജൂലി, ഭർത്താവ് നീൽ രത്തൻകർമകാർ, മകൻ നീ ഷീർ കർമകാർ എന്നിവരെത്തി സാഹിബിനെ ഏറ്റുവാങ്ങി.