കുട്ടികളുടെ ജീവിതസാഹചര്യം മനസ്സിലാക്കുവാൻ അധ്യാപകർ ഭവന സന്ദർശനം നടത്തി

തിരുവല്ല : സ്കൂളിൽ എത്തുന്ന കുട്ടികളുടെ ജീവിത സാഹചര്യം എങ്ങനെ എന്ന് അറിയുവാൻ അധ്യാപകരും ജീവനക്കാരും എല്ലാ വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ സന്ദർശനം നടത്തി. സന്ദർശന സമയത്ത് പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളും സ്കൂൾ യൂണിഫോമുകൾക്കുള്ള തുണിത്തരങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. കുറ്റൂർ പാണ്ടിശ്ശേരി ഭാഗം ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയാണ് ഈ സ്കൂളിൽ അധ്യയനം.

Advertisements

വർഷങ്ങൾക്കു മുമ്പ് 6 കുട്ടികൾ മാത്രം ഉണ്ടായിരുന്ന ഈ സ്കൂൾ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട വേളയിലാണ് അധ്യാപകരും നാട്ടുകാരും ഒരുമിച്ച് കൈകോർത്ത് ഈ സ്കൂളിൽ വിദ്യാർഥികളെ കൂടുതൽ എത്തിച്ചു കൊണ്ട് ഈ സ്കൂളിനെ നിലനിർത്തിയത്.
കുറ്റൂർഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഏക സർക്കാർ സ്ഥാപനമായ ഈ വിദ്യാലയത്തിന് 109 – വർഷത്തെ പാരമ്പര്യമുണ്ട്. മൂന്ന് ദശാബ്ദ കാലം മുമ്പ് കുറ്റൂർ – മനക്കച്ചിറ റോഡിന്റെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ കുട്ടികൾ നിറഞ്ഞ കവിഞ്ഞാണ് ഇരുന്നിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു വരവോട് കൂടി കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും പിന്നീട് ആറ് കുട്ടികളായി അവശേഷിക്കുകയുമായിരുന്നു. ഇവിടെനിന്നാണ് അധ്യാപകർ നാട്ടുകാരും ഒരുമിച്ചു കൈകോർത്തുകൊണ്ട് ഫിനിക്സ് പക്ഷിയെ പോലെ ഈ സ്കൂളിന്റെ ഉയർച്ച ഉണ്ടാകുന്നത്. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായ ഒരു കെട്ടിടം മാത്രമാണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. ഈ സ്കൂളിന്റെ അവസ്ഥ കണ്ട് ഐഎസ്ആർഒയുടെ സഹസ്ഥാപനമായ ആൻഡ്രിക്സ് കോർപ്പറേഷൻ അവരുടെ സിആർഎഫ് ഫണ്ട് മുഖേന ലക്ഷങ്ങൾ ചിലവഴിച്ച് ഒരു കെട്ടിടം നിർമ്മിച്ചു നൽകിയിരുന്നു. ഈ കെട്ടിടത്തിലാണ് ഓഫീസും മറ്റും പ്രവർത്തിക്കുന്നത്.

കഴിഞ്ഞമാസം കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ വിദ്യാഭ്യാസ മന്ത്രി എത്തിയപ്പോൾ ആറു കുട്ടികളിൽ നിന്ന് 73 കുട്ടികളായുള്ള വളർച്ച കണ്ട് ഈ സ്കൂളിന് മറ്റു സ്കൂളുകൾ മാതൃകയാക്കണമെന്നും സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാനായി ഒരുകോടി രൂപ അനുവദിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. പുതിയ അദ്ധ്യയന വർഷത്തിലേക്ക് നിരവധി കുട്ടികളാണ് അഡ്മിഷൻ എടുത്തു കൊണ്ടിരിക്കുന്നത്. കലാ-കായിക രംഗത്തും ഈ സ്കൂൾ വളരെ മുന്നേറ്റമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

സ്കൂൾ പ്രധാന അധ്യാപിക സുജ ജോൺ, ശ്രീജ ടി ആർ, ലേഖ എ, ജസ്റ്റിൻ രാജ്, സംതൃപ്തി വി നായർ, പുഷ്പ ദേവി, ജോസഫ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തക വണ്ടിയുമായി കുട്ടികളുടെ ഭവനങ്ങളിൽ എത്തിയത്.

Hot Topics

Related Articles