പത്തനംതിട്ട : നിയമസഭാംഗങ്ങളെ മാത്രമല്ല തോക്കിനേയും വരുതിയിലാക്കാന്‍ കഴിയുമെന്ന് തെളിയിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ജില്ലാ പോലീസിന്റെ ആര്‍മര്‍ വിഭാഗത്തിന്റെ സ്റ്റാളിലെത്തിയപ്പോഴായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ തോക്കെടുത്ത് പരീക്ഷിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ തോക്കെടുത്തപ്പോള്‍ റോക്കി ഭായിയുടെ ബിജിഎം ഇടട്ടെയെന്ന് സദസില്‍ നിന്ന് ഉയര്‍ന്ന കമന്റ് സ്റ്റാളില്‍ ചിരി പടര്‍ത്തി.
പണ്ടുകാലത്ത് യുദ്ധത്തിനായി ഉപയോഗിച്ചിരുന്ന .303 മുതല്‍ ആധുനിക ആയുധങ്ങളായ സ്‌നൈപ്പര്‍ വരെ ആര്‍മര്‍ വിഭാഗത്തിന്റെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാറാവുകാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 9 എംഎം പിസ്റ്റളും അമേരിക്കന്‍ നിര്‍മിത ഗ്ലോക്ക് പിസ്റ്റളും, റോക്കി ഭായിയുടെ സ്വന്തം കലാഷ് നിക്കോവും സ്റ്റാളിന്റെ ആകര്‍ഷണങ്ങളാണ്. കൂടാതെ വിവിധതരം ബുള്ളറ്റുകള്‍, ഷെല്ലുകള്‍ ഉള്‍പ്പെടെ 26 തരം ആയുധങ്ങളും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡിവൈഎസ്പി എസ്. നന്ദകുമാര്‍ സന്നിഹിതനായിരുന്നു. സന്ദര്‍ശകര്‍ക്ക് ആയുധങ്ങള്‍ പരിശോധിക്കാനും ഫോട്ടോയെടുക്കാനും അവസരമുണ്ട്. ആര്‍മര്‍ എസ്ഐ കെ. മധു, സിവില്‍ പൊലീസ് ഓഫീസര്‍ എസ്. ശ്യാം എന്നിവര്‍ സ്റ്റാളിന് നേതൃത്വം നല്‍കുന്നു.