കോട്ടയം: നഗരസഭ 31 ആം വാർഡിൽ മൂലവട്ടം പ്രദേശത്ത് സ്വകാര്യ വ്യക്തി നഗരസഭ പുറമ്പോക്ക് കയ്യേറി നടത്തുന്ന വർക്ക്ഷോപ്പിനെതിരെ വീട്ടമ്മമാർ പരാതി നൽകിയിട്ടും സംരക്ഷണം ഒരുക്കി നഗരസഭയിലെ വനിതാ കൗൺസിലർ. പൊലീസിൽ അടക്കം സ്വാധീനം ചെലുത്തിയ വനിതാ കൗൺസിലർ വർക്ക്ഷോപ്പ് പൊളിച്ചുമാറ്റുന്നത് തടയുന്നതിനു വേണ്ട സഹായം ഒരുക്കി നൽകുകയാണെന്നാണ് പരാതി. സംഭവത്തിൽ പൊലീസിനെ സ്വാധീനിച്ച് വീട്ടമ്മമാരുടെ പരാതി ഒതുക്കിതീർക്കാനും കൗൺസിലർ ശ്രമിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
കോട്ടയം നഗരസഭയിലെ 31 ആം വാർഡ് കൗൺസിലർ ഷീനാ ബിനുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കോട്ടയം നഗരസഭ 31 ആം വാർഡിൽ മൂലവട്ടം റെയിൽവേ മേൽപ്പാലം തൃക്കയിൽക്ഷേത്രം റോഡിലാണ് വർക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നത്. ഈ വർക്ക്ഷോപ്പിനെതിരെ പ്രദേശത്തെ വീട്ടമ്മമാരാണ് ചിങ്ങവനം പൊലീസിൽ പരാതി നൽകിയത്. വർക്ക്ഷോപ്പിനുള്ളിൽ സ്ഥിരമായി മദ്യപാനമാണെന്നും, ഇവിടെ സാമൂഹിക വിരുദ്ധർ നിരന്തരം എത്തുന്നുണ്ടെന്നുമാണ് വീട്ടമ്മമാരുടെ പരാതി. തുടർന്ന്, ചിങ്ങവനം പൊലീസിന്റെ നിർദേശാനുസരണം കോട്ടയം നഗരസഭയിലും പരാതി നൽകി. തുടർന്നു, കോട്ടയം നഗരസഭ സെക്രട്ടറി ഈ വർക്ക്ഷോപ്പ് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടീസ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, നഗരസഭ കൗൺസിലർ ഷീനാ ബിനുവിന്റെ ഇടപെടലിനെ തുടർന്ന് വർക്ക്ഷോപ്പ് പൊളിച്ചു നീക്കിയില്ലെന്നു വീട്ടമ്മാർ ആരോപിക്കുന്നു. ഇതിനിടെ ഇവരുടെ വീട്ടിലെ ബാത്ത്റൂമിന്റെ നിർമ്മാണത്തിനായി വർക്ക്ഷോപ്പിന് മുന്നിലെ ഭാഗത്തായി സിമന്റ് ഇഷ്ടിക ഇറക്കുകയും ചെയ്തു. എന്നാൽ, ഇഷ്ടിക ഇറക്കിയതിനു പിന്നാലെ വിഷയത്തിൽ ഇടപെട്ട നഗരസഭ കൗൺസിലർ ഷീനാ ബിനു നഗരസഭയിൽ നിന്നും ഷോക്കോസ് നോട്ടീസ് വാങ്ങി നൽകി. രണ്ടാം ശനിയാഴ്ചയായിട്ടും ഇന്നലെ തന്നെ അതിവേഗം നോട്ടീസ് വാങ്ങിയ കൗൺസിലർ നേരിട്ട് തന്നെ നോട്ടീസ് ഒട്ടിക്കുകയായിരുന്നു.
തുടർന്ന്, സിമന്റ് ഇഷ്ടിക ഇറക്കിയ കുടുംബത്തിന് എതിരെ കൗൺസിലർ പൊലീസിൽ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്ത് എത്തുകയും വീട്ടമ്മ അടക്കമുള്ളവരോട് ഇഷ്ടിക എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്വകാര്യ വ്യക്തി നഗരസഭ സ്ഥലം കയ്യേറിയപ്പോൾ മിണ്ടാതിരുന്ന കൗൺസിലർ , ഇത് ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടും നടപടിയെടുക്കാതെ വീട്ടമ്മമാരുടെ പരാതിയ്ക്ക് എതിരെ നിൽക്കുന്നതിന് എതിരെ നാട്ടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടമ്മമാർ അടക്കമുള്ള നാട്ടുകാർ.