അസം പൊലീസിലെ ലേഡി സിംഹം!ജുന്‍മോഹി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു ;തിരിച്ചറിയപ്പെടാത്ത ഗൂഡ സംഘത്തിന്‍റെ തിരക്കഥ മകളുടെ മരണത്തിനു കാരണമെന്ന് അമ്മ

ഗുവാഹത്തി: അസം പൊലീസിലെ ലേഡി സിംഹം എന്നറിയപ്പെട്ടിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു. ബോളിവുഡ് പൊലീസ് ചിത്രങ്ങളിലെ ഉദ്യോഗസ്ഥരോട് ചേര്‍ന്ന് നില്‍ക്കുന്ന കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങളില്‍ നായികാ സ്ഥാനത്ത് എത്തിയ വനിതാ സബ് ഇന്‍സ്പെക്ടര്‍ ജുന്‍മോഹി രാഭ എന്ന മുപ്പതുകാരിയാണ് നാഗോണ്‍ ജില്ലയില്‍ വച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.

Advertisements

ചൊവ്വാഴ്ച രാവിലെയാണ് ജുന്‍മോഹി രാഭ സഞ്ചരിച്ച കാര്‍ ലോറിയുമായി ഇടിക്കുന്നത്. അപകട സമയത്ത് ജുന്‍മോഹി രാഭ കാറില്‍ തനിച്ചായിരുന്നു, യൂണിഫോമിലും ആയിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സാരുഭുഗിയ ഗ്രാമത്തില്‍ വച്ചായിരുന്നു അപകടമുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജഖാലബന്ധ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലാണ് ഇവിടം ഉള്‍പ്പെടുന്നത്. ജുന്‍മോഹി രാഭയ്ക്കെതിരെ അന്യായമായ പണം കൈവശപ്പെടുത്തിയെന്ന കേസ് ചുമത്തിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ജുന്‍മോഹിയുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്.

സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ് ജുന്‍മോഹിയുടെ കുടുംബം ആരോപിക്കുന്നത്. പുലര്‍ച്ചെ 2.30ഓടെ അപകട വിവരം അറിഞ്ഞെത്തിയ പൊലീസാണ് ജുന്‍മോഹിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും ഇവര്‍ മരിച്ചിരുന്നു.

ഉത്തര്‍ പ്രദേശ് രജിസ്ട്രേഷനുള്ള ലോറിയാണ് ജുന്‍മോഹിയെ ഇടിച്ച് തെറിപ്പിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറിയുടെ ഡ്രൈവര്‍ ഒളിവില്‍ പോയതായാണ് വിവരം.

ഈ സമയത്ത് ജുന്‍മോഹി എങ്ങോട്ട് പോവുകയാണെന്ന് വിവരം ഇനിയും ലഭ്യമായിട്ടില്ല. തിരിച്ചറിയപ്പെടാത്ത ഗൂഡ സംഘത്തിന്‍റെ തിരക്കഥയാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് ജുന്‍മോഹിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. നേരത്തെ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത ജുന്‍മണി രാഭയെ അതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

രാഭയ്ക്കെതിരെ രണ്ട് കോൺട്രാക്ടര്‍മാരാണ് പരാതി നൽകിയത്. മജുലിയിൽ ചാര്‍ജ് എടുത്തതിന് ശേഷം രാഭയാണ് പ്രതിശ്രുതവരൻ റാണ പൊഗാഗിനെ തങ്ങൾക്ക് പരിചയപ്പെടുത്തിയെന്നും തുടര്‍ന്നാണ് ഇയാളുമായി സാമ്പത്തിക ഇടാപാടുകൾ നടത്തിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. തങ്ങളെ ഇരുവരും ചേര്‍ന്ന് ചതിച്ചുവെന്നും പരാതിയിൽ കോൺട്രാക്ടര്‍മാര്‍ ആരോപിച്ചിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പൊഗാഗിനെതിരായ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് രാഭയാണ്. ഒഎൻജിസിയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പലരിൽ നിന്നായി പണം തട്ടിയെന്ന കേസിൽ ഇയാളെ പിന്നീട് രാഭ തന്നെ അറസ്റ്റ് ചെയ്തു. ഇതോടെ രാഭ വാര്‍ത്തകളിൽ നിറയുകയായിരുന്നു.

ലേഡി സിങ്കം എന്നാണ് രാഭയെ വിശേഷിപ്പിച്ചത്. എന്നാൽ രാഭയുടെ പേരിലാണ് പൊഗാഗ് പണം തട്ടിയതെന്ന് ആരോപണം ഉയര്‍ന്നതോടെ കേസ് ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു. പിന്നാലെയാണ് രാഭയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ് വരുന്നതും ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിലാവുന്നതും.

നേരത്തെയും രാഭ ഒരു ഫോൺ വിവാദത്തിൽ പെട്ടിരുന്നു. ബിഹ്പുരിയ എംഎൽഎ അമിയ കുമാര്‍ ഭുയാനയുമായുള്ള റാഭയുടെ ഫോൺ സംഭാഷണം ലീക്കായതാണ് വിവാദത്തിന് കാരണമായത്. രാഭ തന്റെ മണ്ഡലത്തിലെ ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നുവെന്നാണ് എംഎൽഎ ഫോണിലൂടെ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഉണ്ടായ സംഭാഷണം ലീക്കായിരുന്നു. ഒടുവിൽ മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ സംഭവത്തിൽ ഇടപെട്ടിരുന്നു.

Hot Topics

Related Articles