കണ്ണൂര്‍ : ഭാവിയില്‍ കേരളത്തിലെ റോഡുകള്‍ക്ക് ഒറ്റ ഡിസൈന്‍ എന്ന ആശയത്തിലേക്ക് മാറാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഭാവിയില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഒറ്റ ഡിസൈന്‍ എന്ന ആശയത്തില്‍ സംസ്ഥാനത്ത് ഡിസൈന്‍ പോളിസി രൂപീകരിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെ ആലോചനയിലാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാനപ്പെട്ട ആര്‍ക്കിടെക്ടുകളെ പങ്കെടുപ്പിച്ചുള്ള ശില്പശാല സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു കഴിഞ്ഞു.
കേരളത്തിലെ റോഡുകള്‍ ജനസാന്ദ്രത നിറഞ്ഞതാണ്. ഇവ കാല്‍നടയാത്രക്കാര്‍ക്കും ബസ് യാത്രക്കാര്‍ക്കും സൗകര്യപ്രദമാകുന്ന രീതിയില്‍ നിര്‍മ്മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലെവല്‍ ക്രോസുകള്‍ കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. ഇവ കാരണം സമയനഷ്ടം ഉണ്ടാകുന്നു. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി റെയില്‍വേയുമായി ബന്ധപ്പെടുത്തി റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിച്ചു നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.