ഹൈദരാബാദ്: സാക്ഷാൽ കിങ്ങിന്റേത് അടക്കം രണ്ടു സെഞ്ച്വറികൾ കണ്ട ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ നിറഞ്ഞാടിയത് വിരാട് കോഹ്ലിയായിരുന്നു. സെഞ്ച്വറി പൂർത്തിയാക്കി വിജയത്തിന് തൊട്ടരികിൽ മടങ്ങിയെങ്കിലും, കാണികൾക്കും കൂട്ടാളികൾക്കും കയ്യടിയ്ക്കാനുള്ളതെല്ലാം നൽകിയ ശേഷമാണ് കോഹ്ലി മടങ്ങിയത്. 63 പന്തിൽ നാലു സിക്സും 12 ഫോറും പറത്തിയ കോഹ്ലി 100 റൺ തികച്ച തൊട്ടടുത്ത പന്തിൽ ഭുവനേശ്വർകുമാറിന് വിക്കറ്റ് നൽകി മടങ്ങി. ബൗണ്ടറി ലൈനിൽ ഗ്ലെൻ ഫിലിപ്സിനായിരുന്നു ക്യാച്ച്. കോഹ്ലി മടങ്ങിയതിനു പിന്നാലെ, 47 പന്തിൽ രണ്ടു സിക്സും ഏഴു ഫോറും അടിച്ച് 71 റണ്ണെടുത്ത ഡുപ്ലിസും മടങ്ങി. നടരാജനായിരുന്നു വിക്കറ്റ്. ഇരുവരും മടങ്ങിയ ശേഷം എത്തിയ മാക്സ് വെല്ലും, ബ്രേസ് വെല്ലും ചേർന്ന് അവസാന ഓവറിൽ വിജയം ആർസിബിയ്ക്കൊപ്പം ചേർത്തു.
സ്കോർ
ഹൈദരാബാദ് – 186-5
ബാംഗ്ലൂർ -186-2
ടോസ് നേടിയ ബംഗളൂരു ഹൈദരാബാദിനെ ഫീൽഡിംങിന് അയക്കുകയായിരുന്നു. വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമില്ലാതിരുന്ന ബംഗളൂർ ബാറ്റിംങ് നിരയ്ക്ക് ഹൈദരാബാദ് എത്രയടിച്ചാലും തിരിച്ചടിയ്ക്കാമെന്നതു തന്നെയായിരുന്നു ആത്മവിശ്വാസം. ഈ ആത്മവിശ്വാസ ചിറകിലേറിയായിരുന്നു ബാംഗ്ലൂർ ബൗളിംങും. പവർ പ്ലേയിലെ നാല് ഓവറിൽ 28 റൺ മാത്രം വഴങ്ങിയ ബാംഗ്ലൂർ ബൗളർമാർ രണ്ടു വിക്കറ്റുകളാണ് പിഴുതത്. അഭിഷേക് ശർമ്മയും (11), രാഹുൽ തൃപാതിയും (15) ബ്രേസ് വെല്ലിന്റെ ബൗളിംങിൽ വീണു. എന്നാൽ, എയ്ഡൻ മാക്രത്തെ (18), ഒരു വശത്ത് നിർത്തി ക്ലാസൽ അരങ്ങ് തകർക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12.5 ഓവറിൽ 104 ൽ ടീം സ്കോർ എത്തി നിൽക്കെ മാക്രം മടങ്ങി. പിന്നാലെ, 178 വരെ എത്തിച്ച് സെഞ്ച്വറി തികച്ച ക്ലാസൺ (104) പുറത്തായി. 19 പന്തിൽ 27 റണ്ണടിച്ച ഹാരി ബ്രൂക്ക് പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജ് തന്നെയായിരുന്നു ബംഗളൂരുവിന്റെ ബൗളിംങ് കുന്തമുന. നാല് ഓവറിൽ 17 റൺ മാത്രം വഴങ്ങിയ സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവർ എറിഞ്ഞ് ബ്രേസ് വെൽ രണ്ട് വിക്കറ്റും, ഷഹബാസും, ഹർഷലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങിൽ രണ്ടേ രണ്ടു പേരുകൾ മാത്രമാണ് ബംഗ്ലൂരു സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. സൺറൈസേഴ്സ് ബൗളർമാരുടെ പേരും പെരുമയും മായ്ക്കുന്ന വെടിക്കെട്ടടിയാണ് കോഹ്ലിയും ഡുപ്ലസിയും ചേർന്ന് ആദ്യ ഓവർ മുതൽ കെട്ടവിച്ചത്.