ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും : മന്ത്രി എ കെ ശശീന്ദ്രന്‍

റാന്നി : ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാഫോറസ്റ്റ് സ്റ്റേഷന്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പകരുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. റാന്നി ഡിവിഷനില്‍ ഗ്രൂഡിക്കല്‍ റേഞ്ചില്‍ കൊച്ചുകോയിക്കല്‍ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റേയും ഡോര്‍മിറ്ററിയുടേയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

നബാര്‍ഡ് ഫണ്ടില്‍ നിന്ന് 82 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപയും ചെലവഴിച്ചാണ് ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം നടത്തിയത്. 1990 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫോറസ്റ്റ് സ്റ്റേഷന്‍ മതിയായ സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്താണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം പൊതുസമൂഹത്തിന് മെച്ചപ്പെട്ട പരിഹാരം തേടാന്‍ ഉപകരിക്കുമെന്നും വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോന്നി മണ്ഡലത്തിലെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളും ആധുനികവത്ക്കരിക്കുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കൊച്ചുകോയിക്കല്‍ മാതൃകാസ്റ്റേഷന്‍ ഈ വര്‍ഷം പൂര്‍ത്തീകരിച്ച മൂന്നാമത്തെ ഫോറസ്റ്റ് സ്റ്റേഷനാണ്. ഗുരുനാഥന്‍ മണ്ണിലെ സ്റ്റേഷന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വനത്തെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനങ്ങള്‍ നില്‍ക്കും.

അവര്‍ക്ക് വേണ്ട സംരക്ഷണം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുക്കണം. കാട്ടുപോത്ത്, കടുവ എന്നിങ്ങനെയുള്ള വന്യജീവികളുടെ ആക്രമണം വര്‍ധിച്ച് വരുന്ന സാഹചര്യമാണെന്നും ഇവയില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയണമെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ഡിഎഫ്ഒ പി.കെ ജയകുമാര്‍ശര്‍മ്മ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എസ് സുജ, ഗ്രാമപഞ്ചായത്തംഗം റോസമ്മ കുഞ്ഞുമോന്‍, സീതത്തോട് ഗ്രാമപഞ്ചായത്തംഗം ജോബി ടി ഈശോ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles