ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ അഞ്ച് പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കാന്‍ കര്‍ണാടകയില്‍ അധികാരമേറ്റ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനമെടുത്തു. സത്യപ്രതിജ്‌ഞാച്ചടങ്ങിനുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഗൃഹജ്യോതി, ഗൃഹലക്ഷ്‌മി, അന്ന ഭാഗ്യ, യുവ നിധി, ശക്‌തി എന്നീ പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം.
അഞ്ചു പദ്ധതികള്‍ക്കുമായി പ്രതിവര്‍ഷം 50,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നതാണ് “ഗൃഹജ്യോതി” പദ്ധതി. എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും 10 കിലോ അരി സൗജന്യമായി നല്‍കുന്ന “അന്ന ഭാഗ്യ”, കുടുംബനാഥകള്‍ക്ക് പ്രതിമാസം 2,000 രൂപ നല്‍കുന്ന “ഗൃഹലക്ഷ്‌മി”, 18-25 പ്രായപരിധിയിലുള്ള തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമധാരികള്‍ക്ക് 1,500 രൂപയും നല്‍കുന്ന “യുവനിധി”, ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സ്‌ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന “ശക്‌തി” പദ്ധതികളാണു നടപ്പാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളായി ഇവ ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ക്ക് അടുത്ത മന്ത്രിസഭാ യോഗത്തില്‍ രൂപം നല്‍കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞയ്‌ക്കായി മേയ് 22 മുതല്‍ മൂന്നു ദിവസത്തേക്ക് നിയമസഭാ സമ്മേളനം ചേരും. ഒമ്ബതു തവണ എം.എല്‍.എയായ ആര്‍.വി. ദേശ്‌പാണ്ഡെ നിയമസഭയുടെ പ്രോടേം സ്‌പീക്കറാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും. എല്ലാ എം.എല്‍.എമാരും സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റ ശേഷം സ്‌പീക്കറെ തെരഞ്ഞെടുക്കും.