കോട്ടയം: മണര്‍കാട്ടെ ജൂബി കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് മാത്രമല്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും സഹോദരന്‍. ഭാര്യമാരെ പങ്കുവെയ്ക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പകതീര്‍ക്കാനാണ് ഭര്‍ത്താവ് ഷിനോ ജൂബിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. പങ്കാളി കൈമാറ്റത്തിന് പോലീസ് കേസ് വന്നതിന് പിന്നാലെ അകന്ന് കഴിയുകയായിരുന്ന ജൂബിയെ അതിന് ശേഷം പലതവണ ഷിനോ പിന്തുടര്‍ന്നിരുന്നതായി സഹോദരന്‍ വെളിപ്പെടുത്തി.
‘പലതവണ പിന്തുടര്‍ന്നിട്ടുണ്ട്, പല യാത്രകളിലും പിന്തുടര്‍ന്നിട്ടുണ്ട്. ഒരു മാസം മുമ്ബ് കാസര്‍കോട് ഒരു കമ്ബനിയില്‍ ജൂബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി പോയി. ഞാനും എന്റെ സുഹൃത്തും കൂടെപോയിരുന്നു. കോട്ടയം കുറുപ്പന്തറ കഴിഞ്ഞ് ഒരാള്‍ മാറിനില്‍ക്കുന്നത് പോലെ ജൂബിക്ക് തോന്നി. അത് ഷിനോ ആണെന്ന് അവള്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഞാനും സുഹൃത്തും പോയി നോക്കിയപ്പോള്‍ അത് ഷിനോ തന്നെയായിരുന്നു. തുടര്‍ന്ന് അവന്‍ ജൂബിയെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി. എന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് റെയില്‍വേ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഞങ്ങളെ വിട്ടത്’ സഹോദരന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്യം കഴിച്ച് കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി. അന്നേരം ഇവള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ കഠിനമായി ഉപദ്രവിക്കും. മുടിക്കുത്തിന് വലിച്ചിഴക്കും. കുട്ടികളെ മര്‍ദിക്കും. അവരെ തെറി പറയുമെന്നും സഹോദരന്‍ പറഞ്ഞു.
ഷിനോയുടെ പിന്നില്‍ കൂടുതല്‍ ആളുകളുണ്ട്. ഈ കൊലപാതകം നടത്തിയതിന് പിന്നിലും അവര്‍ക്ക് പങ്കുണ്ട്. പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ജൂബിയുടെ സഹോദരന്‍ പറഞ്ഞു.
മറ്റു ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങാത്തതിലുള്ള പകയാണ് ജൂബിയുടെ കൊലപാകത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിയായ ഷിനോ വിഷം കഴിച്ച് ആശുപത്രിയില്‍ തുടരുന്നതിനാല്‍ ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൊടിയ വിഷമാണ് ഇയാള്‍ കഴിച്ചതെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
ഇത് ഓണ്‍ലൈന്‍ മുഖേന വാങ്ങിയതാണെന്നാണ് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. വിഷം കഴിച്ചയാളിന്റെ അടുത്തുചെല്ലുന്നവര്‍ക്കും അണുബാധയുണ്ടാകാനിടയുള്ളതിനാല്‍ അകലം പാലിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിഷം സംബന്ധിച്ച് ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ച വിവരങ്ങളിലും അണുബാധയുണ്ടാകാനുള്ള സാധ്യത പറയുന്നതായി പോലീസ് പറഞ്ഞു.
ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലെത്തിയ പ്രതി താന്‍ കഴിച്ചവിഷം അണുബാധയുണ്ടാക്കുന്നതാണെന്നും ആരും അടുത്തുവരരുതെന്നും ഉറക്കെപ്പറയുന്നുണ്ടായിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ പോലീസ് സംഘത്തെ മാറ്റിനിര്‍ത്തിയത്. പ്രതി പറയുന്ന വിഷംതന്നെയാണോ കഴിച്ചതെന്നറിയാന്‍ ശേഷിക്കുന്ന ഭാഗം തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. അതിസുരക്ഷയില്‍ സൂക്ഷിച്ചിട്ടുള്ള വിഷം ലാബില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് തിരുവനന്തപുരത്തെത്തിക്കും. രണ്ടുദിവസത്തിനുള്ളില്‍ വിഷം സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകുമെന്നും പോലീസ് പറഞ്ഞു. ഷിനോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.