തിരുവല്ല : ശക്തമായി പെയ്ത മഴയോടൊപ്പം വീശി അടിച്ച കാറ്റിൽ കൂറ്റൻ മരം കടപുഴകി വീണ് പുളിക്കീഴ് പോലീസ് സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പൂർണമായും നശിച്ചു. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരവധി ഇരുചക്രവാഹനങ്ങളും തകർന്നു . സ്റ്റേഷൻ എസ് എച്ച് ഒ, എസ്.ഐ എന്നിവരുടെ കാറുകളാണ് നശിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം. സ്റ്റേഷന് മുൻവശത്തായി റോഡിനോട് ചേർന്ന് നിന്നിരുന്നു മരമാണ് കടപുഴകിയത്. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 25 ഓളം ഇരുചക്ര വാഹനങ്ങൾ മരച്ചില്ലകൾക്ക് അടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
തിരുവല്ലയിൽ നിന്നും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് മരം മുറിച്ച് നീക്കിയത്. വീശി അടിച്ച കാറ്റിൽ മരം കടപുഴകി വീഴുന്നത് കണ്ട് സ്റ്റേഷന് മുൻവശത്ത് ഉണ്ടായിരുന്ന പോലീസുകാർ ഉൾപ്പെടെയുള്ളവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.