മികച്ച വിജയം അറിയാതെ ഹസ്ന;കണ്ണീർ ഉണങ്ങാതെ സൈതലവിയും മാതാവ് റുഖിയയും

മലപ്പുറം: ഏഴ് കുട്ടികൾ ഓടിനടന്ന വീട്ടിലേക്ക് വലിയൊരു വിജയത്തിന്റെ വാർത്തയെത്തി, എന്നാൽ ആ വിജയത്തിന്റെ അവകാശിയും ആഘോഷങ്ങളുടെ അവകാശികളും ഇന്ന് അവിടെയില്ല. താനൂരിലെ സെയ്തലവിയുടെ വീട്ടിൽ മനസും ശരീരവും തളർന്ന് മരവിപ്പ് മാറാതെ നിൽക്കുന്ന സൈതലവിയും അനിയന്‍ സിറാജും കണ്ണീരൊഴിയാതെ മാതാവ് റുഖിയയും മാത്രമാണുള്ളത്.

Advertisements

താനൂരിലെ ബോട്ട് ദുരന്തത്തിൽ ഭാര്യയും നാല് മക്കളും ബന്ധുക്കളുമടക്കം ഒമ്പത് പേരെ നഷ്ടമായ സെയ്തലവി ഇന്നലെ രാവിലെ മുതൽ മകൾ ഹസ്നയുടെ പ്ലസ്‌ടു ഫലവും കാത്തിരിപ്പായിരുന്നു. ഫസ്റ്റ് ക്ലാസോടെ അവളുടെ പരീക്ഷ ഫലം എത്തുമ്പോൾ, ആ സന്തോഷം പങ്കുവയ്ക്കാൻ മകൾ ഇല്ലെന്ന യാഥാർത്ഥ്യത്തിൽ സെയ്തലവിക്ക് കണ്ണീരടക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരപ്പനങ്ങാടി ബി.ഇ.എം ഹയർസെക്കൻഡറി സ്‌കൂളിൽ കൊമേഴ്സ് വിദ്യാർത്ഥിനിയായിരുന്നു ഹസ്ന. പ്ലസ്‌ടുവിന് ശേഷം എ എൻ എം നഴ്സിംഗ് പഠിക്കാനായിരുന്നു ആഗ്രഹം. മരിക്കുന്നതിന്റെ തലേദിവസവും സെയ്തലവിയോട് ഇക്കാര്യം പറഞ്ഞിരുന്നു. തുടർപഠനം എവിടെ ആവണമെന്നും ഹസ്ന കണ്ടുവച്ചിരുന്നു.

ഒരു കൊച്ചുവീടെന്ന സ്വപ്നം സാമ്പത്തിക പ്രതിസന്ധിയിൽ തറ നിർമ്മാണത്തോടെ നിലച്ചപ്പോൾ, തനിക്ക് ജോലി കിട്ടിയ ശേഷം വീട് പണി പൂർത്തിയാക്കുമെന്ന് ഹസ്‌ന പറയുമായിരുന്നു. ഓരോ പരീക്ഷയ്ക്ക് പോവുമ്പോഴും സെയ്തലവി വീട്ടിലില്ലെങ്കിലും ഫോൺ വിളിച്ച് പ്രാർത്ഥിക്കണേ എന്ന് പറഞ്ഞാണ് പോകാറുള്ളത്. 18-ാം പിറന്നാൾ ആഘോഷിച്ച് രണ്ടാം ദിവസമായിരുന്നു ഹസ്നയെ തേടി ദുരന്തമെത്തിയത്.

ബോട്ട് ദുരന്തത്തിൽപെട്ട് ഐ സി യുവിലുള്ള സെയ്തലവിയുടെ സഹോദരിയുടെ മകൾ ഒന്നര വയസുകാരി ആയിഷ മെഹ്റിനെ ജീവിതത്തിലേക്ക് തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ് ഡോക്ടർമാർ.

സെയ്തലവിയുടെ സഹോദരി നുസറത്ത് ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു. ഉമ്മ റുഖിയ രാത്രി ഞെട്ടിയെണീറ്റ് ബോട്ടപകടം കവർന്ന പേരമക്കളുടെയും മരുമക്കളുടെയും പേര് പറഞ്ഞ് നിലവിളിക്കും. ഒരുരാത്രി അവസാനിച്ചപ്പോഴേക്കും കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായതിന്റെ ഞെട്ടലിൽ നിന്ന് സെയ്തലവി മുക്തനായിട്ടില്ല

Hot Topics

Related Articles