ആലപ്പുഴ : അറ്റകുറ്റപണികള്‍ക്കായി തകഴി റെയില്‍വേ ഗേറ്റ് 29 ന് വൈകിട്ട് 7 വരെ അടച്ചിടാന്‍ റെയില്‍വേ അധിക്യതര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയില്‍ യാത്രക്കാര്‍ വലയും. ഇന്ന് പുലര്‍ച്ചെ 2.30 ന് തിരുവല്ല ഭാഗത്ത് നിന്ന് അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന കര്‍ണ്ണാടക രജിസ്ട്രേഷനില്പെട്ട പാഴ്സല്‍ ട്രക്ക് ഇടിച്ചതിനെ തുടര്‍ന്നാണ് തകഴിയില്‍ റെയില്‍വേയുടെ ഹൈഗേജ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഗേറ്റ് അടയ്ക്കുകയായിരുന്നു.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ യാത്രക്കാര്‍ വലയുകയാണ്. അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ഉള്‍പ്പെടെ മറ്റ് വാഹനങ്ങള്‍ വഴി തിരിച്ച് വിടാനുള്ള നിര്‍ദ്ദേശം പോലീസ് എടത്വ, അമ്പലപ്പുഴ ജംഗ്ഷനുകളില്‍ രാവിലെ മുതല്‍ നല്‍കിയിരുന്നു. അപകടത്തിന് ശേഷമെത്തിയ വാഹനങ്ങള്‍ തകഴി റെയില്‍വേ ക്രോസില്‍ എത്തിയാണ് മടങ്ങിയത്. തിരുവല്ല ഭാഗത്ത് നിന്നെത്തിയ വാഹനങ്ങളാണ് ദീര്‍ഘദൂരം തിരികെ മടങ്ങേണ്ടി വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളം, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്ദ്യോഗസ്ഥരും തൊഴിലാളികളും മറ്റ് യാത്രക്കാരും കടുത്ത യാത്രദുരിതം അനുഭവിക്കേണ്ടിവന്നു. തിരുവല്ല, പൊടിയാടി, നെടുമ്പ്രം, തലവടി, എടത്വ ഭാഗങ്ങളില്‍ നിന്ന് അത്യാസന്ന നിലയിലെത്തുന്ന രോഗിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാവേലിക്കര-ഹരിപ്പാട്-അമ്പലപ്പുഴ റൂട്ടില്‍ കൂടിവേണം ഇനി വണ്ടാനം ആശുപത്രിയില്‍ എത്തിക്കാന്‍. എ.സി. റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗതം നിര്‍ത്തിയതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തിരക്ക് വര്‍ദ്ധിച്ചിരുന്നു. രാപ്പകല്‍ നൂറ് കണക്കിന് വാഹനങ്ങളാണ് ഈ റൂട്ടിലൂടെ കടന്നുപോകുന്നത്.
റെയില്‍വേ ലൈന്‍ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം ഗേറ്റ് അടച്ചിട്ട് യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിന് പിന്നാലെയാണ് അപകടത്തെ തുടര്‍ന്ന് നാല് നാള് അടച്ചിടുന്നത്. തകഴി റെയില്‍വേ ക്രോസില്‍ മേല്‍പ്പാലം വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.