കോഴഞ്ചേരി : കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും 2023-24 സാമ്പത്തിക വര്‍ഷം ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒപി-ഡയഗ്‌നോസ്റ്റിക് ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ താലൂക്ക് തലം മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ക്കായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ഒപി-ഡയഗ്‌നോസ്റ്റിക് ബ്ലോക്കിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. കേരളത്തെ ഹെല്‍ത്ത് ഹബ് ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ സൗജന്യമായും, മിതമായ നിരക്കിലും നല്‍കുകയാണ് സര്‍ക്കാര്‍.
ആശുപത്രി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നീ മൂന്നു മേഖലകളില്‍ കേന്ദ്രീകരിച്ചാണ് മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നത്. 30.25 കോടി രൂപ ചിലവില്‍ 5858 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ 49 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ലിംബ്‌സെന്ററും ഉള്‍പ്പെടുന്നു. കാഷ്വാലിറ്റി, എക്‌സ് റേ, സിടി സ്‌കാന്‍, മൈനര്‍ ഒറ്റി, ട്രയാജ്, ലബോറട്ടറി, ഇസിജി, ഓര്‍ത്തോ കണ്‍സള്‍ട്ടേഷന്‍ എന്നിവ താഴത്തെ നിലയിലും സര്‍ജറി, ഇഎന്‍ടി, മെഡിസിന്‍, അഡോളസന്റ്, ഡെര്‍മറ്റോളജി, എന്‍സിഡി എന്നിവയടങ്ങിയ കണ്‍സള്‍ട്ടേഷന്‍ മുറികള്‍, സ്‌പെസിമെന്‍ കളക്ഷന്‍, ബ്ലഡ് കളക്ഷന്‍, ഫാര്‍മസി, സൈക്കാട്രി ട്രീറ്റ്‌മെന്റ് റൂം എന്നിവ ഒന്നാം നിലയിലും അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കിച്ചന്‍, കാന്റീന്‍, ജ്യോതിസ് ലാബ്, ജില്ലാ മാനസികാരോഗ്യ പരിപാടി, ബെഡ് ലിഫ്റ്റ്, പാസഞ്ചര്‍ ലിഫ്റ്റ് എന്നിവ രണ്ടാം നിലയിലുമായാണ് നിര്‍മിക്കുന്നത്. സ്റ്റെയര്‍, മോര്‍ച്ചറി, 87000 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, പമ്പ് റൂം, ജനറേറ്റര്‍, സബ്‌സ്റ്റേഷന്‍, ചുറ്റുമതില്‍, ഗേറ്റ്, ഗാര്‍ഡ് റൂം എന്നിവ ഉള്‍പ്പെടുന്ന ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഹൈറ്റ്‌സിനാണെന്നും മന്ത്രി പറഞ്ഞു.
ആശാതാരം ജില്ലാ ആശാ സംഗമത്തിന്റെ ലോഗോ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.
ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാപഞ്ചായത്തംഗം സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീതു മുരളി, ബിജിലി പി ഈശോ, ഡിഎംഒ ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് സാമുവല്‍, ലോക് തന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരില്‍, കേരള കോണ്‍ഗ്രസ് പ്രതിനിധി സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.