തിരുവനന്തപുരം : സംസ്ഥാനത്തെ 19 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍. ഉപതെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ വിജയം യു.ഡി.എഫിന്റെ ബഹുജനാടിത്തറ ഭദ്രമാണ് എന്നതിന്റെയും എല്‍.ഡി.എിനെതിരേയുള്ള ജനരോഷത്തിന്റെയും തെളിവാണ്. ജനദ്രോഹ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും പിന്മാറിയില്ലെങ്കില്‍ വലിയ തിരിച്ചടികളാണ് കാത്തിരിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
19 വാര്‍ഡുകളില്‍ 9 സീറ്റുകളിലാണ് യു.ഡി.എഫ് വിജയം നേടിയത്. നിലവില്‍ ഏഴ് സീറ്റാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. കണ്ണൂരിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാര്‍ഡും പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡും പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പളം വാര്‍ഡും എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മുതലമടയിലും പെരുങ്ങോട്ടുകുറിശ്ശിയിലും വിജയിച്ചു. ഓരോ തെരഞ്ഞെടുപ്പ് കഴിയും തോറും കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ പ്രസക്തി തന്നെ ഇല്ലാതായെന്നും സുധാകരന്‍ പറഞ്ഞു.