പുതുപ്പള്ളി : മീനടം പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ. പഞ്ചായത്ത് ഭരണ സമിതി മീനടത്തെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ അപമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു വിമർശനം. മീനടം പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉൽഘാടനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ അപമാനിച്ച് ഇറക്കി വിടുകയായിരുന്നു. യോഗത്തിൽ വാർഷിക പദ്ധതി വിജയകരമാക്കുന്നതിന് പ്രവർത്തിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെയും വസ്തുനികുതി പിരിവ് 100 ശതമാനം പൂർത്തീകരിച്ച ഉദ്യോഗസ്ഥരെയും അനുമോദിച്ചിരുന്നു .
ആദ്യം പദ്ധതി നിർവഹണം നൂറ് ശതമാനം പൂർത്തീകരിച്ച കൃഷി വകുപ്പിനെ യോഗത്തിൽ ക്ഷണിച്ചിരുന്നെങ്കിലും ആദരിക്കാതെ പറഞ്ഞു വിടുകയായിരുന്നു. കൃഷി ഓഫീസറെ ഔദ്യോഗികമായി പഞ്ചായത്ത് പ്രസിഡന്റ് ക്ഷണിച്ചിരുന്നു. മെമന്റോ നൽകുന്നതിനായി ഓഫീസറുടെ ഫോട്ടോയും വാങ്ങിയിരുന്നു എന്നാൽ യോഗത്തിൽ മറ്റ് ഉദ്യോഗസ്ഥരെ ആദരിച്ചെങ്കിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അപമാനിച്ച് വിടുകയായിരുന്നു. ഏറ്റവുമാദ്യം പദ്ധതി പൂർത്തീകരിച്ച് മീനടത്തെ കർഷകർക്ക് വേണ്ടി നിലകൊണ്ട കൃഷി വകുപ്പിനെ അപമാനിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കൃഷി വകുപ്പ് കുറ്റപ്പെടുത്തി.