കോഴഞ്ചേരി : ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് പണയം വച്ച് ആളുകളെ വഞ്ചിച്ച കേസിൽ ഒരാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി തെക്ക് വില്ലേജിൽ കനകപ്പലം ശ്രീനിപുരം കോളനിയിൽ പാറയ്ക്കൽ വീട്ടിൽ പി.എ. ഷെമീറാണ് (37) അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി വിവാഹ ആവശ്യങ്ങൾക്കും മറ്റും എന്ന പേരിൽ വാഹനങ്ങൾ നാരങ്ങാനം സ്വദേശിയായ ജ്യോതിഷ് വാടകയ്ക്കെടുക്കുകയും ഇത് എരുമേലി സ്വദേശിയായ ഷമീറിന് കൈമാറി കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ സ്ഥലങ്ങളിൽ പണയം വച്ച് പൈസ വാങ്ങിയെന്നാണ് കേസ്.
കേസിലെ ഒന്നാം പ്രതിയായ ജ്യോതിഷിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു ബലാനോ, വാഗണർ, സ്വിഫ്റ്റ് സെലേറിയോ തുടങ്ങിയ അഞ്ചോളം കാറുകൾ സംഘം കടത്തിക്കൊണ്ടു പോയതിൽ മൂന്നു കാറുകൾ കണ്ടെടുത്തിട്ടുണ്ട്. ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയകുമാർ നെപ്പോളിയൻ, സൈഫുദ്ദീൻ ,നാസർ, സാവന്ത് എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.