തിരുവല്ല : കുന്നന്താനം കിൻഫ്രാ പാർക്കിൽ ജില്ലാ പഞ്ചായത്തും ക്ലീൻ കേരളാ കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് പുന: ചക്രമണ ഫാക്ടറി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പ്രവർത്തനക്ഷമമാക്കും. ഈ വർഷം നവംബറിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റീബിൽഡ് കേരളാ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നിർമ്മല ഗ്രാമം – നിർമ്മല നഗരം – നിർമ്മല ജില്ല എന്ന പദ്ധതിയുടെഭാഗമായി അടിയന്തിരമായി പദ്ധതി പൂർത്തീകരിക്കണമെന്ന ജില്ലാ പഞ്ചായത്ത് നിർദ്ദേശം പരിഗണിച്ച് കിൻഫ്രാ പാർക്കിൽ ക്ലീൻ കേരളാ കമ്പനി പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, പദ്ധതി നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കേരളാ ഇലക്ടിക്കൽസ് ഉദ്യോഗസ്ഥർ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി.
തദ്ദേശസ്ഥാപനങ്ങൾ ഹരിത കർമ്മ സേന വഴി ശേഖരിക്കുന്ന തരം തിരിച്ച വൃത്തിയുള്ള പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ ശേഖരിച്ച് പുന: ചക്രമണം ചെയ്ത് പ്ലാസ്റ്റിക്ക് തരികളാക്കി പ്ലാസ്റ്റിക്ക് നിർമ്മാതാക്കൾക്ക് നൽകാനാണ് നിലവിൽ വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനെ കുറിച്ചും പഠനം നടക്കുകയാണ്. ഒരു ദിവസം അഞ്ച് ടൺ പാഴ് വസ്തുക്കൾ സംസ്ക്കരിക്കാനാവശ്യമായ യന്ത്ര സംവിധാനങ്ങളും ഏർപ്പെടുത്തുന്നുണ്ട്. നിലവിൽ 6 കോടി രൂപാ മുതൽ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. വൈവിധ്യവത്കരണത്തിന് കൂടുതൽ തുക നീക്കിവെക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണ് .
ജില്ലാ പബായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജിജി മാത്യു, ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്, ക്ലീൻ കേരളാ കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ.സുരേഷ് കുമാർ, പ്രോജക്റ്റ് ആഫീസർ ശ്രീജിത്ത്, ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാർ, കെൽ എഞ്ചിനീയർ സജിത്ത്കുമാർ, കോൺട്രാക്ടർ മൂസ എന്നിവർ പങ്കെടുത്തു.