ന്യൂഡൽഹി: ബാലസോറിലെ ട്രെയിന്‍ ദുരന്തത്തെ വര്‍ഗീയവത്കരിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഒഡിഷ പൊലീസ്. ദുരന്തത്തിന് പിന്നാലെ, സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഒഡിഷ പൊലീസിന്റെ മുന്നറിയിപ്പ്. ‘ബാലസോറിലെ ദാരുണമായ ട്രെയിന്‍ അപകടത്തിന് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വര്‍ഗീയ നിറം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തെറ്റായതും ദുരുദ്ദേശ്യപരവുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും’- ഒഡിഷ പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ, ഭീകരാക്രമണമാണ് നടന്നതെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു.