കൊച്ചി: മറുനാടൻ മലയാളിയ്ക്ക് എട്ടിന്റെ പണി. പി.വി അൻവർ എം.എൽ.എ മറുനാടനെ വെല്ലുവിളിച്ച് ആക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇപ്പോൾ മറുനാടൻ മലയാളിയുടെ ഫെയ്‌സ്ബുക്ക് പേജിന് നേരെ ആക്രമണം ഉണ്ടായതായി വ്യക്തമായി ഷാജൻ സ്‌കറിയ രംഗത്ത് എത്തിയതോടെയാണ് സംഭവം ചർച്ചയായി മാറിയത്. പതിനഞ്ച് മണിക്കൂറോളം മറുനാടന്റെ ഫെയ്‌സ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്യാൻ അടക്കം സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാജൻ സ്‌കറിയ വിശദീകരണ വീഡിയോയുമായി രംഗത്ത് എത്തിയത്.
സാധാരണ സംസാരിക്കുന്ന അഹങ്കാരമോ, ധാർഷ്യമോ, എല്ലാത്തിനെയും നേരിടാൻ സാധിക്കുമെന്ന ചങ്കൂറ്റമോ, വെല്ലുവിളിയോ ഷാജൻ സ്‌കറിയയുടെ ബോഡി ലാംഗ്വേജിൽ ഉണ്ടായിരുന്നില്ല. ഭയപ്പാടോടെയും, അപേക്ഷയുടെ സ്വരത്തിലുമാണ് ഷാജൻ സ്‌കറിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. തന്റെ സാമ്രാജ്യം തകരുമെന്ന ഭീതിയുള്ള ഒരു സൈനിക മേധാവിയുടെ വിഹ്വലതകളാണ് ഷാജന്റെ വാക്കുകളിൽ നിഴലിച്ചിരുന്നത്. അത്രത്തോളം രൂക്ഷമായ ആക്രമണാണ് ഷാജന്റെ മറുനാടനു നേരെ ഉണ്ടായതെന്നാണ് ഇപ്പോഴുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാജന്റെ വീഡിയോയ്ക്കു കീഴിൽ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കമന്റുകളുമായി ഇരുവിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഷാജൻ മറ്റൊരു ഫെയ്‌സ്ബുക്ക് പേജിന്റെ ലിങ്കുമായി രംഗത്ത് എത്തിയത്. മറുനാടൻ മലയാളിയുടെയും, മറുനാടൻ ടിവിയുടെയും പുതിയ പേജിന്റെ ലിങ്കുകളാണ് ഷാജൻ സ്‌കറിയ പങ്കു വച്ചിരിക്കുന്നത്. ഇത്തരത്തിൽ ഭയപ്പാടിന്റെ ബോഡിലാംഗ്വോജോടെ ഷാജൻ എത്തിയത് ഇദ്ദേഹത്തെ പിൻതുണയ്ക്കുന്നവർക്കു സംശയത്തിനും ഇടനൽകിയിട്ടുണ്ട്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നിൽ പി.വി അൻവർ എം.എൽ.എയാണ് എന്ന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ, ഷാജന്റെ വാക്കുകൾ ഏറ്റെടുത്ത് ബിജിഎം സഹിതം പി.വി അൻവർ എം.എൽ.എ ഫെയ്‌സ്ബുക്കിൽ പുതിയ വീഡിയോയും പങ്കു വച്ചിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ സിപിഎം സൈബർ പോരാളികളാണ് ഷാജനും, മറുനാടനും നേരിട്ട ഏറ്റവും വലിയ ഭീഷണിയ്ക്കു മുന്നിലെന്ന സൂചനയാണ് ലഭിക്കുന്നത്.