പത്തനംതിട്ട : പേവിഷ ബാധ സംശയിക്കുന്ന തെരുവുനായയുടെ ആക്രമണത്തിൽ കോന്നിയിൽ നിരവധി പേർക്ക് പരിക്ക്. കോന്നി കലഞ്ഞൂർ മുതൽ വകയാർ വരെയുള്ള സ്ഥലങ്ങളിൽ പാഞ്ഞ് നടന്ന് തെരുവ് നായ വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു.
ചെവ്വാഴ്ച്ച കലഞ്ഞൂർ ഭാഗത്താണ് ആദ്യം നായയുടെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പത്ത് പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വകയാർ സ്വദേശികളായ തോമസ് വർഗ്ഗീസ്, ജിത്തു മിനി, കലഞ്ഞൂർ സ്വദേശികളായ ജ്യോതികുമാർ , വൈഗ, രാജൻ നായർ, കോന്നി സ്വദേശികളായ അനിൽകുമാർ, അന്യ സംസ്ഥാന തൊഴിലാളിയായ അജാസ് റഹ്മാൻ , രാധ, സിധാർത്ഥ് വിനോദ് , ദേവൂട്ടി എന്നിവരാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. നായക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നതിനാൽ എല്ലാവർക്കും പ്രതിരോധ വാക്സിൻ നൽകി.