തിരുവനന്തപുരം : സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ്ബാൻഡ് കണക്ഷനാണ് കെ ഫോണ്‍. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാകും. മുപ്പതിനായിരത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തും. 75 ലക്ഷം കുടുംബത്തില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് കണക്കുകൂട്ടല്‍.
ഈ മാസം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും
ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീട് എന്ന നിലയില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 14,000 വീടുകളില്‍ കണക്ഷൻ ലഭിക്കും. ഈ മാസം അവസാനത്തോടെ നിലവില്‍ ലഭിച്ച പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷൻ എത്തിക്കും. 2023 ആഗസ്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി വാണിജ്യ കണക്ഷൻ നല്കിത്തുടങ്ങും. ആദ്യ വര്‍ഷം രണ്ടരലക്ഷം വാണിജ്യ കണക്ഷൻ നല്‍കാനാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐടി ഇൻഫ്രാസ്ട്രക്ചര്‍ ഇതുവരെ
കെ ഫോണ്‍ പദ്ധതിയുടെ ജീവനാഡി ഒപിജിഡബ്ല്യു കേബിളുകളാണ്. 2600 കിലോമീറ്റര്‍ ദൂരം വലിക്കാനുള്ളതില്‍ 2519 കിലോമീറ്റര്‍ ജോലികള്‍ പൂര്‍ത്തിയായി. 22,876 കിലോമീറ്റര്‍ വലിക്കാനുള്ള എഡിഎസ്എസ് കേബിള്‍ 19,118 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. കൊച്ചി ഇൻഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററാണ് കെ ഫോണിന്റെ തലച്ചോറെന്ന് വിശേഷിപ്പിക്കാവുന്ന സെന്റര്‍ ഹബ്ബ്. ഇവിടെനിന്ന് 376 കെഎസ്ഇബി സബ് സ്റ്റേഷനിലായുള്ള പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങള്‍ വഴി കേരളത്തിലുടനീളമുള്ള സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. 373 പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രവും പ്രവര്‍ത്തനസജ്ജമാണ്. മൂന്നെണ്ണത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലും.
40 ലക്ഷം കണക്ഷന് സജ്ജം
40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷൻ നല്കാൻ പര്യാപ്തമായ ഐടി അടിസ്ഥാനസൗകര്യം കെ ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് വേഗത്തില്‍ സേവനങ്ങള്‍ ഉപയോഗിക്കാം. ഇത് ഒരു ജിബിപിഎസ് വര്‍ധിപ്പിക്കാനാകും.
സര്‍ക്കാരിന് മികച്ച വരുമാനവും
ഇന്റര്‍നെറ്റ് സേവന പദ്ധതിയെന്നതിലുപരി സര്‍ക്കാരിന് വിപുലമായ വരുമാന പദ്ധതിയാണ് കെ ഫോണ്‍. സേവനദാതാക്കള്‍ എത്തിപ്പെടാത്ത ഇടങ്ങളിലെല്ലാം ബൃഹത്തായ നെറ്റ്വര്ക്കുള്ളതിനാല് സേവനദാതാക്കളില്‍നിന്ന് പാട്ടം ഇനത്തില്‍ കെ ഫോണിലേക്ക് വരുമാനം കണ്ടെത്താനാകും. സംസ്ഥാനത്തുടനീളം വിന്യസിച്ച ഡാര്‍ക്ക് ഫൈബറാണ് പാട്ടത്തിന് നല്‍കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷൻ നല്‍കുന്നതില്‍നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുക, ട്രഷറിയുള്‍പ്പെടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് നല്‍കുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷൻ നല്‍കുക, കോര്‍പറേറ്റുകള്‍ക്കായി പ്രത്യേകം കണക്ഷനുകളും മള്‍ട്ടിപ്രോട്ടോകോള്‍ ലേബല്‍ സ്വിച്ചിങ് നെറ്റ്വര്ക്കും നല്‍കുക തുടങ്ങിയവയും വരുമാനം എത്തിക്കും.
14,000 റേഷൻ കട, രണ്ടായിരത്തിലധികം സപ്ലൈകോ ഔട്ട്ലെറ്റുകള്, കേരള ബാങ്ക് പോലുള്ള മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വാണിജ്യ അടിസ്ഥാനത്തില്‍ കണക്ഷൻ നല്‍കുന്നതിലൂടെ വരുമാനം കണ്ടെത്താം.കണ്‍സോര്‍ഷ്യത്തില്‍ ആരെല്ലാം
കെഎസ്ഐടിഐഎല്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ക്ക് വിധേയമായി യോഗ്യരായ മൂന്ന് ബിഡര്മാരില്നിന്ന് കൃത്യമായ ടെൻഡര്‍ പ്രക്രിയക്കുശേഷമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെല്‍) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ തെരഞ്ഞെടുത്തത്.
ബെല്ലിനുപുറമെ റെയില്‍ടെല്‍, എസ്ആര്‍ഐടി, എല്‍എസ് കേബിള്‍ എന്നിവയും അടങ്ങുന്നതാണ് കണ്‍സോര്‍ഷ്യം. പൊതുമേഖലാ സ്ഥാപനമായ ബെല്ലിനാണ് ആസൂത്രണം, നിര്‍വഹണം, നിയന്ത്രണം, സംഭരണം, മോണിറ്ററിങ് എന്നിവയുടെ ഉത്തരവാദിത്വം. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ റെയില്‍ടെല്‍ ഐടി ഘടകങ്ങളുടെ വിതരണം, ഇൻസ്റ്റലേഷൻ, ടെസ്റ്റിങ്, കമീഷൻ ചെയ്യല്‍, ഓപ്പറേഷൻ, മെയിന്റനൻസ് എന്നീ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ട്രായി ലൈസൻസും
കേന്ദ്ര ടെലികോം മന്ത്രാലയത്തിനുകീഴിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് കെ ഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിന്റെ ഐപി ഒന്ന് സര്‍ട്ടിഫിക്കേഷനും ഐഎസ്പിബി ലൈസൻസും കെ ഫോണിന് ലഭിച്ചിട്ടുണ്ട്.
കണക്ഷന് എങ്ങനെ അപേക്ഷിക്കാം
കെ ഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷൻ ആപ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും. ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍നിന്ന് ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷൻ നല്‍കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടി സ്വീകരിച്ച് പിൻകോഡ് അടിസ്ഥാനത്തില്‍ ലോക്കല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരെ കണക്ഷൻ നല്കാൻ ചുമതലപ്പെടുത്തും. സംശയങ്ങള്‍ ദൂരീകരിക്കാൻ എഫ്എക്യു സെക്ഷനും നിരക്കുകള്‍ മനസ്സിലാക്കാൻ താരിഫ് സെക്ഷനും ആപ്പിലുണ്ട്.