കുമരകം: ചന്തക്കവലയിൽ സിപിഐ നേതാവിനും കുടുംബത്തിനും നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണം. സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തിനും കുടുംബത്തിനും നേരെയാണ് പ്രദേശവാസിയായ യുവാവ് ലഹരിയ്ക്കടിമയായി ആക്രമണം നടത്തിയത്. സിപിഐ നേതാവിന്റെ പരാതിയിൽ പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതലായിരുന്നു പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി അഴിഞ്ഞാടിയത്. സിപിഐ ലോക്കൽ കമ്മിറ്റി അംഗം ബിനോയിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മുൻപ് പ്രദേശത്ത് കഞ്ചാവ് സംഘാംഗങ്ങളുമായി യുവാവ് എത്തിയിരുന്നു. ഇയാളെ ബിനോയ് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പല ദിവസങ്ങളിലും യുവാവ് സുഹൃത്തുക്കൾക്കൊപ്പം ബിനോയിയുടെ വീടിനു മുന്നിലെത്തി അസഭ്യം പറയുന്നത് പതിവായിരുന്നു. എന്നാൽ, ഇത് കാര്യമായി ബിനോയിയും കുടുംബവും എടുത്തിരുന്നില്ല. എന്നാൽ, വ്യാഴാഴ്ച ബിനോയിയുടെ വീടിനു മുന്നിൽ വടിവാളുമായി എത്തിയ അക്രമി വെല്ലുവിളിയും ഭീഷണിയും മുഴക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിനു നേരെ വടിവാൾ വീശി വീടിനുള്ളിലുണ്ടായിരുന്നവരെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ വിവരം അറിഞ്ഞ് ബിനോയ് ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തി. ഈ സമയം ബൈക്കിനു മുന്നിൽ വടിവാളുമായി യുവാവ് ചാടിമാറുകയായിരുന്നു. അക്രമിയെ കണ്ട ബിനോയ് മാറി നിന്ന ശേഷം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന്, കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രതിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു.