തിരുവല്ല : തനിക്കെതിരെ പോലീസിൽ പരാതി നൽകിയ കാരണത്താൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പോലീസ് പിടിയിൽ. ആനിക്കാട് മല്ലപ്പള്ളി പടിഞ്ഞാറ് മാരിക്കൽ നമ്പൂരയ്ക്കൽ വീട്ടിൽ വർഗീസിന്റെ മകൻ കൊച്ചാപ്പി എന്ന് വിളിക്കുന്ന ലെജു വർഗീസി(47)നെ യാണ് കീഴ്വായ്പ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്വായ്പ്പൂര് പോലീസ് സ്റ്റേഷനിൽ മുമ്പ് മൂന്നു കേസുകളിൽ പ്രതിയായ ഇയാൾ സ്ഥിരം പ്രശ്നകാരിയാണ്. കഴിഞ്ഞമാസം 31 ന് രാവിലെ 9 നാണ് പിതാവ് വർഗീസി(75)നെ ഇയാൾ വീട്ടുമുറ്റത്തു വച്ച് വടികൊണ്ട് തലങ്ങും വിലങ്ങും മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.
മുറ്റത്തു നിന്ന വർഗീസിന്റെ പിന്നിലൂടെയെത്തി കയ്യിൽ കരുതിയ വടികൊണ്ട് കഴുത്തിനു പിന്നിൽ ആദ്യം അടിക്കുകയായിരുന്നു. പിന്തിരിഞ്ഞു നോക്കിയപ്പോൾ വടികൊണ്ട് മുഖത്തടിച്ചു. അടിയിൽ മേൽച്ചുണ്ട് മുറിയുകയും, മുൻ വശത്തെ പല്ല് ഇളകുകയും ചെയ്തു. താഴെവീണ വർഗീസിന്റെ കൈകാലുകളിൽ ശക്തിയായി അടിച്ചു പരിക്കേൽപ്പിച്ചു. ഇടതുകൈക്കുഴയുടെ അസ്ഥിക്കും, വലതുകാലിലെ തള്ളവിരലിന്റെ അസ്ഥിക്കും പൊട്ടലേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് മൊഴിരേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതി അടിക്കാനുപയോഗിച്ച വടി വീട്ടുമുറ്റത്തുനിന്നും കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞു ഒളിവിൽ പോയ ലെജുവിനെ ഇന്നലെ രാവിലെ 7 മണിക്ക് വീടിന് സമീപത്തുനിന്നും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കീഴ്വായ്പ്പൂര് പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള
അന്വേഷണസംഘത്തിൽ എസ് ഐമാരായ ആദർശ്, സുരേന്ദ്രൻ, എ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓ അൻസിം, സി പി ഓമാരായ രതീഷ്, വിഷ്ണു, വരുൺ, ഇർഷാദ് എന്നിവരാണുള്ളത്.