കോട്ടയം: കഞ്ചാവ് വിൽപ്പനയ്ക്കിടെ എക്‌സൈസ് പിടിയിലായ സിനിമാ അസി.ക്യാമറാമാന്റെ ഫോണിലേയ്ക്കു എത്തിച്ചത് നിരവധി ഫോൺകോളുകൾ. കഞ്ചാവ് ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ ഫോണിലേയ്ക്ക് എത്തിയ കോളുകളിൽ ഏറെയും യുവാക്കളുടെയും വിദ്യാർത്ഥികളുടേതുമായിരുന്നെന്നും എക്‌സൈസ് സംഘം കണ്ടെത്തി. നിരവധി സിനിമകളുടെ അസിസ്റ്റന്റ് ക്യാമറമാനായി പ്രവർത്തിച്ച മുണ്ടക്കയം പുത്തൻ വീട്ടിൽ സുലൈമാൻ മകൻ സുഹൈൽ സുലൈമാനെ (28)ആണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും എക്‌സൈസ് സംഘം എത്തിയ വിവരം അറിയാതെ അയ്യായിരം രൂപയ്ക്ക് കഞ്ചാവ് വാങ്ങിയ എരുമേലി കരിങ്കല്ലുംമൂഴി പടിഞ്ഞാറെ തടത്തിൽ ആ രോമൽ സജിയെയും കൂട്ടു പ്രതിയാക്കിയിട്ടുണ്ട്. നീല വെളിച്ചം, ചതുരം, ഹിഗ്ഗിറ്റ തുടങ്ങിയ സിനിമകളിൽ അസി. ക്യാമറമാനായി പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. സിനിമ മേഖലയിൽ മയക്ക്മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു എന്ന പരാതിയെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും 225 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുവാൻ ശ്രമിച്ച പ്രതിയെ വളരെ സാഹസികമായാണ് കീഴടക്കിയത്. ഇയാളുടെ വീട്ടിൽ കിടക്കയുടെ അടിയിൽ നിന്നും കഞ്ചാവ് പൊതികൾ പിടികൂടി. കസ്റ്റഡിയിൽ എടുക്കുബോൾ നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ വിളികൾ വരുന്നുണ്ടായിരുന്നു.
ഇതിനു പിന്നിൽ വൻ റാക്കറ്റ് ഉണ്ട് എന്ന് എക്‌സൈസ് കരുതുന്നു. ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി എക്‌സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. 18 നും 23 നും ഇടയിൽ പ്രായമുള്ള വരെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കും. റെയ്ഡിൽ കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ പ്രിവന്റീവ് ഓഫീസർമാരായബിനോദ് കെ.ആർ , അനിൽകുമാർ , നൗഷാദ് എം സി വിൽ എക്‌സൈസ് ഓഫീസർമാരായ നിമേഷ് . കെ.എസ്, ദീപു ബാലകൃഷ്ണൻ , പ്രശോഭ് കെ.വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഹരിത മോഹനൻ എക്‌സൈസ് ഡ്രൈവർ അനിൽ. കെകെ എന്നിവരും പങ്കെടുത്തു.