ആധാറിലെ വ്യക്തി വിവരങ്ങള്‍ പുതുക്കണം : സംസ്ഥാന ആധാര്‍ ഡയറക്ടര്‍

പത്തനംതിട്ട : പത്തു വര്‍ഷമോ അതിനു മുകളിലോ ആയ ആധാര്‍ കാര്‍ഡിലെ പൗരന്‍മാരുടെ വ്യക്തി വിവരങ്ങളും, വിലാസവും പുതുക്കണമെന്ന് സംസ്ഥാന ആധാര്‍ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ അറിയിച്ചു. ജില്ലയിലെ ആധാര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല നിരീക്ഷണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ആധാര്‍ കാര്‍ഡ് ലഭിച്ച് പത്തു വര്‍ഷമോ അതിനു മുകളിലോ ആയിട്ടുള്ളതും, ആധാര്‍ എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്താത്തവരുമായ എല്ലാ വ്യക്തികളും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്യണം.
പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വ്യക്തിഗത വിവരങ്ങളും, വിലാസവും പുതുക്കാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇലന്തൂര്‍ ബ്ലോക്കില്‍ 12 ഉം, മല്ലപ്പള്ളി ബ്ലോക്കില്‍ അഞ്ചും, കോയിപ്രം ബ്ലോക്കില്‍ ആറും, പുളിക്കീഴ് ബ്ലോക്കില്‍ ഏഴും, പന്തളം ബ്ലോക്കില്‍ 10ഉം, പറക്കോട് ബ്ലോക്കില്‍ 14 ഉം, കോന്നി ബ്ലോക്കില്‍ ആറും, റാന്നി ബ്ലോക്കില്‍ 12 ഉം അക്ഷയ കേന്ദ്രങ്ങളിലാണ് ആധാര്‍ അപ്‌ഡേഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
കൂടാതെ, my Aadhaar(www.my aadhaar.uidai.gov.in) പോര്‍ട്ടലിലെ അപ്‌ഡേറ്റ് ഡോക്കുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായും വിവരങ്ങള്‍ ചേര്‍ക്കാം. ആധാര്‍ കേന്ദ്രങ്ങളില്‍ വിവരങ്ങള്‍ പുതുക്കാന്‍ എത്തുന്ന സന്ദര്‍ഭത്തില്‍ ആധാറിലേതു പോലെയുള്ള പേര്, വിലാസം എന്നിവ വ്യക്തമാക്കുന്ന ആധാര്‍ അല്ലാത്ത മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടത് നിര്‍ബന്ധമാണ്.

കുട്ടികളുടെ അഞ്ചു വയസിലെയും, 15 വയസിലെയും നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ അടിയന്തിരമായി ലിങ്ക് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഡിസിആര്‍ബി ഡിവൈഎസ്പി ആര്‍. ബിനു, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്, യുഐഡിഎഐ പ്രോജക്ട് മാനേജര്‍ ടി. ശിവന്‍, ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി അംഗങ്ങള്‍, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles