അടൂര്‍ : പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ബിആര്‍സിയില്‍ മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യനിര്‍മാര്‍ജനം, പരിസര ശുചീകരണം, കൊതുക് ഉറവിട നശീകരണം തുടങ്ങിയവ ഈ വര്‍ഷം മുഴുവന്‍ മണ്ഡലത്തില്‍ ഒട്ടാകെ സംഘടിപ്പിക്കും. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പങ്കു ചേര്‍ത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
മഴക്കാലത്ത് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ജൂണ്‍ 13 മുതല്‍ 19 വരെ എല്ലാ വാര്‍ഡുകളിലും സാനിറ്റൈസേഷന്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നും. കൊടുമണ്‍ പ്ലാന്റേഷനില്‍ ചിരട്ടയില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കുറ്റിക്കാടുകള്‍ പൂര്‍ണമായും വെട്ടി തെളിക്കുന്നതിനും മുഴുവന്‍ ഓടകളും വൃത്തിയാക്കി ശുചീകരിക്കുന്നതിനും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു.
എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഐപി കനാല്‍ റോഡുകളിലെ കാടുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വൃത്തിയാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും പരിശോധന നടത്തി അവിടെയും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഓരോ ആഴ്ചയും ഈ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി, അടൂര്‍ ഡിവൈഎസ്പി ആര്‍. ജയരാജ്, അടൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി, അടൂര്‍ സബ്ജില്ലാ ഓഫീസര്‍ സീമാദാസ്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ശ്രീകുമാര്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, ഏറത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പുതക്കുഴി, അടൂര്‍ നഗരസഭാ സെക്രട്ടറി രാഖിമോള്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീജ, കെട്ടിട നിര്‍മാണ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്റ്റീമര്‍സണ്‍ തോമസ്, കെഐപി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അന്‍സിയ, എംഐ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശീതള്‍, ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ്, അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്‍ എന്നിവര്‍ വിവിധ വകുപ്പുകളെ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.