തിരുവനന്തപുരം : തെരുവുനായകളുടെ നിയന്ത്രണത്തിന് തടസ്സമായിനില്‍ക്കുന്ന കേന്ദ്രനിയമത്തിലെ ചട്ടങ്ങള്‍ അടിമുടി മാറ്റംവരുത്തണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കും. തെരുവുനായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനും കോടതിയില്‍ ഹര്‍ജി നല്‍കും. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന സിആര്‍പിസിയിലെ വകുപ്പനുസരിച്ച് സ്വീകരിക്കാവുന്ന നടപടിയും ആലോചിക്കുമെന്നും എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2001ലെ ചട്ടങ്ങളില്‍ മാറ്റംവരുത്തണം എന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് കൂടുതല്‍ കര്‍ക്കശമാക്കി ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് ചട്ടം പുതുക്കിയത്. ഇതനുസരിച്ചു മാത്രമേ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും ഇടപെടാനാകൂ. 2017മുതല്‍ 21വരെ എട്ടു ജില്ലകളില്‍ തെരുവുനായ വന്ധ്യംകരണ നിര്‍വഹണ ഏജൻസിയായി കുടുംബശ്രീ പ്രവര്‍ത്തിച്ചു. 79,426 ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ 2021ല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കുടുംബശ്രീയെ വിലക്കി. അതോടെ വന്ധ്യംകരണം താളംതെറ്റി. ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശീലനം ലഭിച്ച 428 നായപിടിത്തക്കാര്‍ ഉണ്ട്. 1000 പേരെകൂടി കുടുംബശ്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. വന്ധ്യംകരണത്തിനുള്ള കേന്ദ്രങ്ങള്‍ (എബിസി) തുടങ്ങാൻ പ്രധാന തടസ്സം കേന്ദ്രനിയമത്തിലെ ചട്ടങ്ങളും പ്രാദേശികമായ എതിര്‍പ്പുമാണ്. കേന്ദ്രങ്ങള്‍ തുടങ്ങാൻ വെറ്ററിനറി ആശുപത്രികളുടെ സ്ഥലം ലഭ്യമാണോ എന്ന് പരിശോധിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഇവയ്ക്കു പുറത്ത് തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയാല്‍ ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കും. എബിസി കേന്ദ്രത്തിന് ഫണ്ട് തടസ്സമല്ല. വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്താൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 10.36 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ചെയ്യാത്തവര്‍ക്ക് ഇനിയും അവസരം നല്‍കും. നിലവില്‍ 20 എബിസി കേന്ദ്രങ്ങളുണ്ട്. 25 എണ്ണംകൂടി തുടങ്ങാനാകും.