തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്ത പോലീസ് നടപടിയില്‍ വീണ്ടും പ്രതികരണവുമായി മന്ത്രി ആര് ബിന്ദു.പോലീസ് വെറുതെ കേസ് എടുക്കുകയില്ലെന്ന് മന്ത്രി വ്യക്തമാക്കി. വാര്‍ത്തയുടെ പേരില്‍ അല്ല കേസ്. കുറ്റകരമായ എന്തെങ്കിലും ഉണ്ടാകും. കേസ് എടുത്തത് പോലീസ് ആണ്. പോലീസിനോട് ചോദിക്കണം. കേസെടുത്തത് താൻ അല്ല, തൻ്റെ പരാതിയിലും അല്ല. പോലീസിനെ നയിക്കുന്ന വകുപ്പ് വേറെ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഗൂഢാലോചന വാദം ആവര്‍ത്തിക്കുകയാണ് മന്ത്രി.
അതേസമയം, മാധ്യമ പ്രവര്‍ത്തക അഖില നന്ദകുമാറിനെതിരായ കളളക്കേസില്‍ വ്യാപക പ്രതിഷേധമുയരുന്നതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ തെളിവ് കിട്ടാതെ നില്‍ക്കുകയാണ് പോലീസ്. മഹാരാജാസ് കോളേജിലെ മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്ന പിഎം ആര്‍ഷോയുടെ വാദത്തില്‍ നിലവില്‍ തെളിവുകളില്ലെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. മഹാരാജാസിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം സാങ്കേതിക പ്രശ്നമാണെന്നും ആര്‍ഷോ മാത്രമല്ല പരീക്ഷയെഴുതാത്ത മറ്റു ചില വിദ്യാര്‍ഥികള്‍ക്കും സമാന അനുഭവം ഉണ്ടായി എന്നുമാണ് പ്രിൻസിപ്പലിന്റെ മൊഴി. പരീക്ഷാ നടപടികളുടെ ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താനാണ് നിലവില്‍ പോലീസ് ശ്രമം.