തിരുവല്ല: ഒഡീഷാ സ്വദേശിയിൽ നിന്ന് 2.1 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ഒഡീഷാ കോരപ്പൂട്ട് ജില്ലയിൽ അച്ചുകൊണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പിത്തബസ് ജൂലിയ (23) ആണ് അറസ്റ്റിലായത്. കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപത്തുനിന്നും ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസും സംഘവുമാണ് ഇയാളെ പിടികൂടിയത്.
അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യകണ്ണിയാണ് പ്രതി. മുമ്പ് പലതവണ കഞ്ചാവുമായി കേരളത്തിൽ വന്നിട്ടുണ്ടെന്നും പണം മുൻകൂറായി അയച്ചാൽ മാത്രമേ കഞ്ചാവുമായി കേരളത്തിലേക്ക് വരുകയുള്ളൂവെന്നും ഇയാൾ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതിൽ തന്നോടൊപ്പം ഏഴ് പേർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുമായി എത്തിയിട്ടുണ്ടെന്ന് അറിയാൻ സാധിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എം ഷിഹാബുദ്ദീൻ, പി.ഒ. ബിജു, സി.ഇ.ഒ.മാരായ ഷാദിലി ബഷീർ, അരുൺ കൃഷ്ണൻ. ആർ.സുമോദ് കുമാർ, ഡ്രൈവർ വിജയൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.