ദില്ലി : മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. വിഷയം ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രി സമയം അനുവദിച്ചില്ലെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെ 10 പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രധാനമന്ത്രിയെ കാണാൻ സമയം തേടിയത്.
‘ഞങ്ങള്‍ പ്രധാനമന്ത്രിയുടെ മറുപടിയ്ക്കായി കാത്ത് നില്‍ക്കുകയാണ്.
കോണ്‍ഗ്രസ്, ജെ ഡി യു, സി പി ഐ, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്, എ എ പി, ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ശിവസേന (യുബിടി), എൻ സി പി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടിയത്. ജൂണ്‍ 20 ന് യുഎസിലേക്ക് പോകുന്നതിന് മുൻപ് അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
22 വര്‍ഷം മുൻപ് 2001 ജൂണ്‍ 18 ന് മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടായി. പ്രക്ഷോഭകാരികള്‍ നിയമസഭാ സ്പീക്കറുടെ ബംഗ്ലാവും മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റും കത്തിച്ചു, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി എല്ലാ കക്ഷികളുടെയും ആവശ്യപ്രകാരം രണ്ടുതവണ സര്‍വകക്ഷിയോഗം വിളിക്കുകയും സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
2001 ജൂണ്‍ 24 ന് മണിപ്പൂരില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ടു. സംഘര്‍ഷം അരങ്ങേറി 6 ദിവസത്തിന് ശേഷമായിരുന്നു അത്.വിദേശത്തേക്ക് പോകുന്നതിന് മുമ്ബ് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍കെ അദ്വാനി സര്‍വ്വകക്ഷി സംഘവുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി വാജ്പേയി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും സര്‍ക്കാരിന് പിന്തുണ വേണമെന്നും വീണ്ടും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിയുടെ സമയം തേടി കാത്ത് നില്‍ക്കുകയാണ്’, ജയറാം രമേശ് പറഞ്ഞു.
‘സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ് . കേന്ദ്രസര്‍ക്കാരിലാണ് ഞങ്ങള്‍ക്ക് പ്രതീക്ഷ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷവും സ്ഥിതിയില്‍ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി എത്രയും പെട്ടെന്ന് പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണണം. പ്രധാനമന്ത്രി മൻകി ബാത്ത് അല്ല മണിപ്പൂരിനെ കുറിച്ച് (മണിപ്പൂര്‍ കി ബാത്ത്) സംസാരിക്കണം’, ജയറാം രമേശ് പറഞ്ഞു.