മൊബൈൽ ഫോൺ മോഷണം ഹരം : റാന്നിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ തൃശ്ശൂർ കൊരട്ടിയിൽ നിന്നും പൊക്കി പോലീസ്

റാന്നി : മൊബൈൽ ഫോൺ മോഷണം ഹരമാക്കിയ പ്രതിയെ തൃശൂർ കൊരട്ടിയിൽ നിന്നും പൊക്കി റാന്നി പോലീസ്. റാന്നി തെക്കേപ്പുറം ലക്ഷം വീട് കോളനി വിളയിൽ വീട്ടിൽ രാജേഷ് കുമാർ(34) ആണ് ഇന്നലെ രാത്രി 11.45 ന് പോലീസ് സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിൽ അറസ്റ്റിലായത്. പഴവങ്ങാടി കരികുളം മോതിരവയൽ വഞ്ചികപ്പാറത്തടത്തിൽ വാസുവിന്റെ ഭാര്യ രമണി (47) യുടെ വീടിന്റെ ഓടിളക്കിഅകത്തുകടന്ന് മുറിക്കുള്ളിൽ നിന്നും മകളുടെ സ്മാർട്ട്‌ ഫോണും മറ്റൊരു ഫോണും മോഷ്ടിച്ചതിന് റാന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ തൃശൂർ കൊരട്ടിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

Advertisements

ഈമാസം 13 ന് പുലർച്ചെ 2 മണിയോടെയാണ് മോഷണം നടത്തി മുങ്ങിയത് . ഇയാളെപ്പറ്റി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, റാന്നിപോലീസ് ഇൻസ്‌പെക്ടർ പി എസ് വിനോദിന്റെ നിർദേശപ്രകാരം എസ് ഐമാരായ എ പി അനീഷ്, ശ്രീഗോവിന്ദ്, സി പി ഓമാരായ ടി എ അജാസ്, രെഞ്ചു കൃഷ്ണ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പിടികൂടി. മോഷണം നടന്ന വീട്ടിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ശേഖരിച്ച വിരലടയാളങ്ങളും പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുനീക്കിയ പോലീസ് സംഘത്തിന് ഉടനടി തന്നെ മോഷ്ടാവിനെ കുടുക്കാൻ സാധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥലത്ത് നിന്ന് കിട്ടിയ വിരലടയാളങ്ങൾ, കളമശ്ശേരി, പാല പോലീസ് സ്റ്റേഷനുകളിലെ മോഷണ ക്കേസുകളിലെടുത്ത രാജേഷിന്റെ വിരലടയാളങ്ങളുമായി ചേർന്നുവന്നതാണ് പ്രതിയിലേക്ക് വേഗം എത്താൻ സഹായകമായത്. ഇയാൾ കൊച്ചി ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ ഒരു സ്ഥാപനത്തിൽ നിന്നും 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നുവെന്ന് അന്വേഷണത്തിൽ വെളിവായിരുന്നു, 46 മൊബൈൽ ഫോണുകളാണ് അവിടെനിന്നും വിദഗ്ദ്ധമായി മോഷ്ടിച്ചത്. പരസ്യബോർഡിന്റെ പണി ചെയ്യുന്ന രാജേഷ്, രണ്ടുമാസം മുമ്പ് ഈ സ്ഥാപനത്തിൽ പരസ്യബോർഡിന്റെ ജോലിക്ക് എത്തിയിരുന്നു. പണി തീരുന്നതുവരെയുള്ള കാലയളവിൽ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് വൻ മോഷണം നടത്തിയത്.

സംഭവദിവസം ബൈക്കിലെത്തിയ പ്രതി കടയുടെ സമീപത്തുള്ള മരത്തിലൂടെ കയറി കടയ്ക്കുമുകളിലെത്തി, വാതിലിന്റെ വിജാഗിരി അറുത്തുമാറ്റി അകത്തുകടന്ന് മൊബൈൽ ഫോണുകൾ കവരുകയായിരുന്നു. സി സി ടി വിയിൽ പതിയാതിരിക്കാൻ ഹെൽമെറ്റ്‌ വച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ കടയിൽ വന്ന ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ കേസിൽ രാജേഷ് കുടുങ്ങിയത്. ബുദ്ധികൂർമതയോടെ മോഷണം നടത്തുന്ന പ്രതി ആർഭാടജീവിതം നയിച്ചുവരികയായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇരുചക്രവാഹനം കവർന്ന കേസിലും, റാന്നി പോലീസ് സ്റ്റേഷനിലെ കഠിന ദേഹോപദ്രവക്കേസിലും പ്രതിയായ ഇയാൾ നിലവിൽ മൂന്ന് കേസുകളിലായി റിമാൻഡിലായിട്ടുണ്ട്.

രഹസ്യവിവരത്തെത്തുടർന്ന് കൊരട്ടിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തിൽ എസ് ഐമായ അനീഷ്, ശ്രീഗോവിന്ദ്, സി പി ഓമാരായ അജാസ്, രെഞ്ചു എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles