തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കും. യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചുകൊണ്ടുള്ള എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ മേയ് 17 നാണ് 2023-24 അധ്യയന വര്‍ഷത്തെ സംസ്ഥാന എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. മേയ് 31നാണ് മൂല്യനിര്‍ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിച്ചത്. 1,23,624 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നത് (15,706). ഏറ്റവും കുറവ് വയനാട് ജില്ലയിലും (2101) ആയിരുന്നു. കേരളത്തിലെ 14 ജില്ലകളിലും പരീക്ഷ സെന്ററുകള്‍ ഉണ്ട്. ഡല്‍ഹി, മുംബൈ, ദുബായ് എന്നീ സ്ഥലങ്ങളിലും കേരളത്തിന് പുറമേ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ടായിരുന്നു.ഒഎംആര്‍ രീതിയിലുള്ള പരീക്ഷയില്‍ ഓരോ പേപ്പറിനും 480 മാര്‍ക്ക് വീതമാണ് ഉണ്ടാവുക.
എഞ്ചിനീയറിങ്ങിനും ഫാര്‍മസിക്കും വേറെ സ്കോര്‍ പ്രസിദ്ധീകരിച്ചായിരിക്കും റിസള്‍ട്ട് വരികയെന്ന് നേരത്തേ അറിയിച്ചിരുന്നു. ശേഷം അലോട്ട്മെന്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കും എസ് സി, എസ് ടി വിദ്യാര്‍ഥികള്‍ക്കും കേരളത്തില്‍ താമസിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ഉണ്ട്.
പ്ലസ്ടു മാര്‍ക്ക് അപ്ലോഡ് ചെയ്ത് വെയിറ്റേജ് കണക്കാക്കിയ ശേഷമാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. അതിനുശേഷമായിരിക്കും സീറ്റ് അലോട്ട്മെന്റ് നടക്കുക. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനത്തിനാണ് കീം പരീക്ഷ നടത്തുന്നത്.