തിരുവനന്തപുരം : കായംകുളം എംഎസ്എം കോളജില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് എം കോം പ്രവേശനം നേടിയതില്‍ ഒരുക്രമക്കേടുമില്ലെന്ന വാദം പൂര്‍ണമായ തള്ളി കേരള സര്‍വകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മല്‍. നിഖിലിന് പ്രവേശനം നല്‍കിയതില്‍ കോളജിന് ഗുരുതര വീഴ്ചപറ്റി. ഇക്കാര്യത്തില്‍ കോളജിനോട് വിശദീകരണം തേടുമെന്നും വിസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിഖില്‍ മൂന്നുവര്‍ഷവും കേരളയില്‍ റഗുലര്‍ വിദ്യാര്‍ഥിയായിരുന്നു. മതിയായ ഹാജരും ലഭിച്ചിരുന്നു. ഇതേ കാലയളവില്‍ നിഖിലിന് കലിംഗ സര്‍വകലാശാലയില്‍നിന്ന് എങ്ങനെ റഗുലര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നത് അന്വേഷിക്കും. ഇതിന് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്കി. ഇക്കാര്യത്തില്‍ കലിംഗ സര്‍വകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും ഡോ. മോഹനൻ കുന്നുമ്മല്‍ പറഞ്ഞു.കായംകുളം കോളജിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ കോളജില്‍ മൂന്ന് വര്‍ഷം പഠിച്ച് തോറ്റ കുട്ടി ബികോം പാസായെന്ന രേഖ കാണിച്ചപ്പോള്‍ പരിശോധിച്ചില്ല. അതിനാല്‍ കോളജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കലിംഗ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പറഞ്ഞാല്‍ വിവരം പോലീസിനെ അറിയിക്കും. അതല്ല കലിംഗ സര്‍വകലാശാലയുടെ ഭാഗത്താണ് തെറ്റെങ്കില്‍ വിവരം യുജിസിയെ അറിയിക്കുമെന്നും വിസി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോള്‍ കലിംഗ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ വൈസാണ് പഠനം. അന്നെങ്ങനെ എന്ന് അറിയില്ല. ബികോം, ബികോം ഹോണേര്‍സ് എന്നിങ്ങനെ രണ്ട് വിഷയമാണ് അവിടെയുള്ള ഡിഗ്രിയെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. അന്നെങ്ങനെയെന്ന് അറിയില്ല. ബാങ്കിംഗ് ഫിനാൻസ് ബികോം ഹോണേര്‍സ് കോഴ്സാണ്. എന്നാല്‍ ബികോം ബാങ്കിംഗ് ഫിനാൻസ് എന്ന രേഖയാണ് നിഖില്‍ ഹാജരാക്കിയത്. ഇക്കാര്യങ്ങളില്‍ വ്യക്തത തേടേണ്ടതുണ്ടെന്നും വിസി പറഞ്ഞു.