കോട്ടയം : നിഖില്‍ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍.നിഖില്‍ തോമസെന്ന ഒരാള്‍ ഇവിടെ പഠിച്ചിട്ടില്ല, സര്‍വകലാശാലയുടെ രേഖകളില്‍ ഇങ്ങനെയൊരു പേരില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് രേഖകള്‍ പരിശോധിച്ചതെന്നും നിയമനടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല ആരാഞ്ഞാല്‍ മറുപടി നല്‍കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
നിഖില്‍ കായംകുളം കോളെജിലെ പഠനം നിര്‍ത്തിയാണ് കലിംഗ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷനെടുത്തതെന്നായിരുന്നു എസ്എഫ്ഐയുടെ പ്രതികരണം. എന്നാല്‍ കേരള സര്‍വകലാശാലയില്‍ നിഖില്‍ 2017 മുതല്‍ 2020 വരെ പഠിച്ചെന്നും പരീക്ഷകളെല്ലാം എഴുതിയതായും 70 ശതമാനത്തിന് മുകളില്‍ ഹാജരുണ്ടായിരുന്നതായും കേരള വിസി സ്ഥിരീകരിച്ചതോടെ എസ്എഫ്ഐയുടെ വാദം പൊളിയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 മാര്‍ച്ചിലാണ് നിഖില്‍ പ്ലസ് ടു പാസാവുന്നത്. തുടര്‍ന്ന് 2017 ജൂലൈയില്‍ അദ്ദേഹം കലിംഗയില്‍ പ്രവേശനം നേടിയതായാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. രണ്ടും റെഗുലര്‍ കോഴ്സുകളാണ്. കേരളയില്‍ 3 വര്‍ഷം പഠിച്ചതിന് രേഖകളുണ്ട്. സര്‍വകലാശാല നിയമമനുസരിച്ച് ഒരേ സമയം 2 യൂണിവേഴ്സിറ്റികളില്‍ പഠിക്കാനാവില്ല. പിന്നെ എങ്ങനെയാണ് കലിംഗയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. കലിംഗയിലെ സര്‍ട്ടിഫിക്കറ്റ് വ്യാജമാവാനാണ് സാധ്യതയെന്നും കായംകുളത്തു നിന്നും റായ്പൂരിന് വിമാനമൊന്നുമില്ലല്ലോ എന്നും കേരള വിസി പരിഹസിച്ചിരുന്നു.