അടൂര്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കൃഷി കൊണ്ട് മികച്ച വരുമാനം നേടാനായ കര്‍ഷകരുടെ പത്ത് വിജയഗാഥകളെങ്കിലും സൃഷ്ടിക്കാന്‍ കഴിയണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അടൂര്‍ മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യം വച്ച്, പുതിയ കാര്‍ഷിക പദ്ധതികളെ പറ്റി ചര്‍ച്ച ചെയ്യുന്നതിനും, നിലവിലുള്ളവ വിപുലമാക്കുന്നതിനുമായി വിഷന്‍ 2026 പദ്ധതിയുമായി ബന്ധപ്പെട്ട് പന്തളം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അടൂര്‍ മണ്ഡലത്തിന്റെ കാര്‍ഷിക പ്രാധാന്യം കണക്കിലെടുത്ത്, മികച്ച മുന്നേറ്റം സാധ്യമാക്കാന്‍ കഴിയുന്ന സമഗ്രമായ ഒരു കാര്‍ഷിക പദ്ധതിക്ക് രൂപം നല്കാന്‍ കഴിയും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആക്കുന്നതിനും അവയുടെ ഗുണങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥരുടെ മികച്ച ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അടൂര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്കായി പ്രത്യേകമായ ഒരു കാര്‍ഷിക പദ്ധതി രൂപീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നതെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലെ കാര്‍ഷിക സ്ഥിതി അവലോകനം ചെയ്ത ശേഷം ഫാം പ്ലാന്‍, കൃഷി കൂട്ടങ്ങള്‍ എന്നിവയ്ക്കു പ്രത്യേകം ഊന്നല്‍ നല്‍കി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു ജൂലൈ 15 നകം കരട് പദ്ധതി തയാറാക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. തുടര്‍ന്ന് കര്‍ഷകരുമായി ആശയ വിനിമയം നടത്തി, ഒരു മാസത്തിന് ശേഷം നടക്കുന്ന അവലോകന യോഗത്തില്‍ പ്രോജക്ട് തയാറാക്കി മന്ത്രിക്ക് സമര്‍പ്പിക്കണം. വിപണന തന്ത്രങ്ങള്‍ അറിഞ്ഞ് കൃഷി ചെയ്യാനും വിപണിയില്‍ വിറ്റഴിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ സംബോധന ചെയ്യണമെന്നും പാക്കിംഗ്, സംഭരണം, വിപണി തുടങ്ങിയവയെ പറ്റി കര്‍ഷകരെ ബോധവത്ക്കരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത അലക്‌സാണ്ടര്‍, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ജോയ്സി കെ കോശി, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി. ജെ. റെജി, മേരി കെ അലക്‌സ്, സി.ആര്‍ രഷ്മി, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ റോഷന്‍ ജോര്‍ജ്, പ്രിയകുമാര്‍, അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് എസ്. പുഷ്പ, ആഗ്മാര്‍ക്ക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്. പ്രദീപ്, കൃഷി അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.