ആലപ്പുഴ : മാവേലിക്കര മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ മറിയാമ്മയെ കൊന്ന കേസിൽ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ വനിതാ കുറ്റവാളി 27 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. അറുന്നൂറ്റിമംഗലം പുത്തൻവേലിൽ വീട്ടിൽ റെജി എന്ന അച്ചാമ്മയാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. പോത്താനിക്കാട് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് കാടുവെട്ടിവിളെ എന്ന വിലാസത്തിൽ മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചുവരികയായിരുന്നു ഇവർ.
1990 ഫെബ്രുവരി 21 നാണ് മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ വീടിനുള്ളിൽ കൊലചെയ്യപ്പട്ട നിലയിൽ കാണപ്പെട്ടത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മാറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് കമ്മൽ ഊരിയെടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു.
സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ റെജി അറസ്റ്റിലാകുകയായിരുന്നു. 1993 ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി റെജിയെ വെറുതെ വിട്ടു. തുടർന്ന് പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു. അതിന് ശേഷം കാലാകാലങ്ങളായി റെജിയെ കണ്ടെത്താനായി പോലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്ര എന്നിവടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൊലപാതകം നടന്ന് 33 വർഷവും ശിക്ഷ വിധിച്ചിട്ട് 27 വർഷവുമായ കേസിൽ കുറ്റവാളിയെ പിടികൂടികൂടണമെന്ന് കാട്ടി മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഡി. വൈ എസ് പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്ക്കർ എന്നിവർ ഉൾപ്പെട്ട പ്രേത്യേക അന്വേഷണസംഘം രൂപീകരിച്ചു.
റെജി ഒളിവിൽ പോകുന്നതിന് മുൻപ് കോട്ടയം ജില്ലയിൽ അയ്മനം,ചുങ്കം എന്നിവിടങ്ങളിൽ മിനി എന്ന പേരിൽ വീടുകളിൽ അടുക്കള പണിയ്ക്കായി നിന്നിരുന്നു എന്നും കെട്ടിട നിർമ്മാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്നാട്ടിലേയ്ക്ക് പോയി എന്നും വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്ത് അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ റെജി കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തി. റെജിയെ തിങ്കളാഴ്ച മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി 2 ൽ ഹാജരാക്കും.