കുറവിലങ്ങാട് : കുട്ടികളുടെ ഊർജ്ജസ്വലതയ്ക്കും സൗഖ്യത്തിനും യോഗയുടെ പ്രാധാന്യം തിരിച്ചറിയുവാനുള്ള ഗവേഷണപഠനം ആരംഭിച്ചു. കുറവിലങ്ങാട് ദേവമാതാ കോളെജും എം.ജി.യൂണിവേഴ്സിറ്റി സെൻ്റർ ഫോർ യോഗാ ആൻറ് നാച്ചുറോപ്പതിയും സംയുക്തമായാണ് ഗവേഷണം നിർവഹിക്കുന്നത്. മുന്നൂറിൽപരം കുട്ടികളെയാണ് സവിശേമായ പഠനത്തിന് വിധേയമാക്കുന്നത്.കുട്ടികളുടെ ശാരീരികക്ഷമത, വഴക്കം, ഏകാഗ്രത, ആത്മവിശ്വാസം,ഉത്കണ്ഠ,കോപം, ഇമോഷണൽ ഇൻ്റലിജൻസ് മുതലായവ ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്താൽ കൃത്യമായി നിർണയിക്കും. അതിനു ശേഷം രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്ന പ്രത്യേകമായ യോഗാ പരിശീലനം നൽകും. പരിശീലനം കുട്ടികളിലുണ്ടാക്കുന്ന മാറ്റത്തെ ആസ്പദമാക്കിയാണ് തുടർ പഠനങ്ങൾ ആസൂത്രണം ചെയ്യുന്നത്
കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ജി.യൂണിവേഴ്സിറ്റി സെൻ്റർ ഫോർ യോഗാ ആൻറ് നാച്ചുറോപ്പതി ഡയറക്ടർ ഡോ.സി.ആർ.ഹരീലക്ഷ്മീന്ദ്രകുമാർ പഠനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. പത്മനാഭൻ ടി.വി., ഡോ.ജോബിൻ ജോസ് ചാമക്കാല, ദേവമാതാ കോളെജ് കായികവിഭാഗം മേധാവി പ്രസീദ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടക്കുന്നത്.