കോട്ടയം : ജീവിതവും മരണവും തുലാസിൽ ആക്കി ഒരു യാത്ര നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ഒരു അശ്രദ്ധ പോലും അപകടമായി മാറുന്ന കാലത്ത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽ പാലത്തിലൂടെ ഒരു യാത്ര നിങ്ങൾ ഇനിയും ആഗ്രഹിക്കുന്നുണ്ടോ ? ഒന്നങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ … തിരിഞ്ഞാൽ മരണം കാത്തിരിക്കുന്ന പടുകുഴിയുടെ ഓരം ചേർന്ന് അത് സാഹസികമായ ഒരു യാത്ര എന്നത് ദുരിതപൂർണ്ണം തന്നെയാണ്.
നിരവധി അനവധി വാഹനങ്ങൾ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു റോഡ് ഒത്തനടുവിൽ അപകടകരമാംവിതം അഗാധ ഗർത്തം . പറഞ്ഞുവരുന്നത് മലമുകളിലെ സാഹസിക യാത്രയുടെ ആഖ്യാനം അല്ല മറിച്ച് കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു റോഡിൻറെ ദുരവസ്ഥയെ കുറിച്ചാണ് . ഒരുപക്ഷേ ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു അനുഗ്രഹമായി തോന്നിയേക്കാം പക്ഷേ ജീവിതത്തിൻറെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാൻ വ്യഗ്രതപ്പെടുന്ന സാധാരണക്കാരന് ഇത് മരണതുല്യമായ യാത്ര തന്നെയാണ്. കോട്ടയം ജില്ലയിലെ അരീപ്പറമ്പിലെ റോഡിന്റെ ദുരവസ്ഥയാണിത്. അപകടം പതിയിരിക്കുന്ന അരീപ്പറമ്പിലെ റോഡ് യാത്രക്കാർക്ക് തീരാ ശാപമായി മാറിയിട്ട് നാളുകൾ ഏറെ പിന്നിട്ടിരിക്കുന്നു. റോഡിന് നടുവിൽ രൂപപ്പെട്ട കുഴിയ്ക്ക് മാസങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും പരിഹാരം കാണുവാൻ അധികൃതർ തയ്യാറായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒട്ടനവധി വാഹനങ്ങൾ സ്ഥിരമായി കടന്നുപോകുന്ന ഒറവയ്ക്കൽ കുരാലി റോഡാണ് അപകടം വിതച്ച് കാത്തിരിക്കുന്നത്. അരീപ്പറമ്പ് അമ്പലത്തിനും തുണ്ടിയിൽ പടിക്കും ഇടയിലുള്ള കലുങ്കിന്റെ സ്ലാബ് തകർന്നാണ് റോഡിന് നടുവിൽ വലിയ കുഴി രൂപപ്പെട്ടത്. അമിതഭാരം ഉള്ള വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ഗതികേടിന് പരിഹാരം കാണുവാൻ അധികൃതർ തയ്യാറാവാത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതെളിക്കുന്നത്. അമിതഭാരം കയറ്റിയുള്ള വാഹനങ്ങൾ നിരന്തരമായി കടന്നു പോയാൽ അവശേഷിപ്പായി നിലനിൽക്കുന്ന സ്ലാബ് കൂടി തകർന്നു വീഴുമെന്ന് ഉറപ്പ്.
നിലവിൽ ഒരറ്റം തകർന്ന 70 നു മുകളിൽ വർഷം പഴക്കമുള്ള സ്ലാബിന്റെ ഇരുമ്പ് കമ്പികൾ അപകടകരമാംവിധം റോഡിൽ മരണം കൊതിച്ചു കാത്തുനിൽക്കുന്നു.ഇതേ വഴിയിലൂടെയാണ് എണ്ണമറ്റ ബസ്സുകൾ ഉൾപ്പെടെ നിരവധി അനവധി വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്നത് എന്നതാണ് കൗതുകകരം.എന്നാൽ ഇതിനെതിരായി ഒരു നടപടിയും സ്വീകരിക്കുവാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല എന്നുള്ളതാണ് അതിശയകരം. ജീവനും ജീവിതവും തുലാസിൽ ആക്കി നിരവധി മനുഷ്യായുസുകളാണ് ദിവസേന ഇതുവഴി യാത്ര ചെയ്യുന്നത് ഇവരുടെ ജീവന് ആരും മറുപടി നൽകും ? പ്രദേശവാസികളുടെ ചോദ്യങ്ങൾക്ക് ആര് ഉത്തരം നൽകും ?
റോഡിന് നടുവിലുള്ള ഗർത്തത്തിന് ചുറ്റും അപകടങ്ങൾ തടയുവാൻ തക്കവണ്ണം ഒരു കരുതലും അധികൃത സ്വീകരിച്ചിട്ടില്ല പരിചിതമല്ലാത്ത യാത്രക്കാർ ഈ വഴിയിൽ എത്തിയാൽ കുഴിയിൽ വീഴുമെന്നത് ഉറപ്പ്. സ്ലാബ് തകർന്ന് ഓട അടഞ്ഞതോടെ ഇതിലൂടെയുള്ള വെള്ളമൊഴുക്കും നിലച്ചു. ഇതോടെ ശക്തമായ മഴയിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ആവുകയാണ്. ഉറവക്കൽ കൂരാലി റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല കൂരോപ്പട പള്ളിക്കത്തോട് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റോഡ് തകർന്നു കിടക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
റോഡിലൂടെയുള്ള യാത്ര അത്രകണ്ട് ദുസഹമാണ്. ഇവിടെ ഇരു ചക്ര വാഹന യാത്രക്കാരുടെ അപകടങ്ങളും തുടർക്കഥയാണ്. ഈ റോഡിൻറെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും നാളുകൾ ആയിട്ടും ഇതുവരെ പണി തുടങ്ങുവാൻ കഴിഞ്ഞിട്ടില്ലപുതുപ്പള്ളി നിയോജകമണ്ഡലം പരിധിയിൽ വരുന്ന പ്രദേശത്തെ റോഡിൻറെ അവസ്ഥയ്ക്ക് പരിഹാരം കാണുവാൻ സ്ഥലം എംഎൽഎയും ശ്രമിക്കുന്നില്ല ഇത് പരക്കെ ആക്ഷേപത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട് മുൻപ് ഉറവക്കൽ കൂരാലി റോഡ് സഞ്ചാരയോഗ്യമാക്കിയത് കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. ജയരാജിന്റെ നേതൃത്വത്തിലായിരുന്നു.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.