കാസർകോട് : വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ കെ. വിദ്യ ഇന്ന് കോടതിയില്‍ ഹാജരാകും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് കോടതിയിലാണ് ഹാജരാകുക.ഫോണില്‍ സ്വന്തമായി വ്യാജരേഖ നിര്‍മ്മിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നേരത്തെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോടതിയില്‍ എത്തുക.
കരിന്തളം ഗവണ്മെന്റ് കോളേജില്‍ കഴിഞ്ഞ അധ്യായന വര്‍ഷം വ്യാജരേഖ സമര്‍പ്പിച്ച് ഗസറ്റ് അധ്യാപക യോഗ്യത നേടിയതിനാല്‍, കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പോലീസ് വിദ്യക്കെതിരെ അന്വേഷണം ആരംഭിച്ചത്. അതേസമയം, കരിന്തളം കോളേജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഗസറ്റ് അധ്യാപക അഭിമുഖത്തില്‍ ഒപ്പം പങ്കെടുത്ത, തന്റെ സീനിയര്‍ കൂടിയായ ഉദ്യോഗാര്‍ത്ഥിയെ മറികടക്കാനാണെന്ന് ചോദ്യം ചെയ്യലില്‍ വിദ്യ പോലീസില്‍ മൊഴി നല്‍കിയിരുന്നു.