കേരളത്തില്‍ ആരും എന്നും അധികാരത്തിലിരിക്കുമെന്ന് വിചാരിക്കേണ്ട ; യുഡിഎഫ് അധികാരത്തിൽ വന്നാല്‍ പിണറായി വിജയന് കല്‍ത്തുറങ്ക് ഒരുക്കും ; കെ സുധാകരൻ

കണ്ണൂര്‍: കേരളത്തില്‍ ആരും എന്നും അധികാരത്തിലിരിക്കുമെന്ന് വിചാരിക്കേണ്ടെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്നാല്‍ തനിക്കെതിരെ കള്ളക്കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് കല്‍ത്തുറങ്ക് ഒരുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.കണ്ണൂരില്‍ ഡിസിസി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കെ സുധാകരന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിങ്ങള്‍ക്ക് ഒരുസ്ഥാനമുണ്ടെന്ന് ഓര്‍ക്കണമെന്നും രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലം കഴിയേണ്ടിവരുമെന്ന് ഓര്‍ക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

Advertisements

എത്രതവണ കൊല്ലാന്‍ നോക്കി. പേരാവൂരില്‍ വെച്ചു താഴെ ചൊവ്വ വച്ചു അക്രമിച്ചു, പരിയാരത്തുവെച്ചും മട്ടന്നൂരില്‍ വെച്ചും അക്രമിച്ചു. മട്ടന്നൂരില്‍ മരണത്തിനെ മുന്‍പില്‍ കണ്ടു. ബോംബും എന്റെ തലയും ഒരടി ദൂരം മാത്രം ബാക്കിയായിരുന്നു. എന്റെ തലയ്ക്കു പിന്നില്‍ വെച്ച സൂട് കേസ് ബോംബെറില്‍ ചിന്നിച്ചിതറി, പുറകുവശത്ത് ബോംബിന്റെ ചീളുകള്‍ കൊണ്ടു മുറിഞ്ഞു. അന്നാണ് തനിക്ക് ദൈവം എന്നൊരു ശക്തിയുണ്ടെന്നു മനസിലായത്. എത്രതവണ എന്നെ കൊല്ലാന്‍ നോക്കി എന്നിട്ടും താന്‍ മരിച്ചില്ലെന്നും നിങ്ങള്‍ക്ക് എന്നെ കൊല്ലാന്‍ കഴിയില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നോടൊപ്പമുളള എത്രചെറുപ്പക്കാരെ നിങ്ങള്‍ കൊന്നു. മാഹി പാലത്തിനടുത്തുവെച്ചു എത്ര പേരുടെ ചിന്നിച്ചിതറിയ മൃതദേഹം ഏറ്റുവാങ്ങിയെന്നു ഓര്‍ക്കണം. പ്രശാന്ത് ബാബു എന്റെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. വല്ലപ്പോഴും എന്റെ ഡ്രൈവറായി വരുന്നതാണ്. അയാളുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. കരുണാകരന്‍ ട്രസ്റ്റിനു വേണ്ടി വാങ്ങിയ മുഴുവനാളുകള്‍ക്കും ഷെയര്‍ പണം എന്നോ തിരിച്ചു കൊടുത്തതാണ്. അതു പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞതാണ്. കേരളത്തില്‍ നരേന്ദ്ര മോദിയായിട്ടാണ് പിണറായി വിജയന്‍ ജീവിക്കുന്നത്.

എനിക്ക് ഒരു സിപിഎമുകാരന്റെയും ഔദാര്യം വേണ്ട, അവരുടെ ഔദാര്യത്തിലല്ല ഞാന്‍ ജീവിച്ചത്. ഒരുതട്ടിപ്പും വെട്ടിപ്പും നടത്തിയ പാരമ്ബര്യം എനിക്കില്ല. അതു ഇവിടുത്തെ സിപിഎമുകാരെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മോന്‍സന്റെ വീട്ടില്‍ ഞാന്‍ മാത്രമാണോ പോയത്. മോന്‍സസനെ കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിച്ചത് ഇടതുപക്ഷ സര്‍കാരാണ്, മോന്‍സന്റെ വീട്ടില്‍ ഞാനും പോയിട്ടുണ്ട്. അന്ന് അദ്ദേഹത്തെ കുറിച്ചു എന്റെ മനസില്‍ മറ്റൊരു അഭിപ്രായമുണ്ടായിരുന്നില്ല. ചെറിയൊരു അസുഖം ചികിത്സിക്കാനാണ് അന്നവിടെ പോയത്. ഞാന്‍ മാത്രമല്ല, സിനിമാതാരങ്ങളും ഡിജിപിയും ചീഫ് സെക്രടറിയും ഉന്നതരായ ഉദ്യോഗസ്ഥരുമവിടെയുണ്ടായിരുന്നു.

എന്നെ കേസില്‍ പ്രതിയാക്കാം. പക്ഷെ ശിക്ഷിക്കാനാവില്ല. അതുകോടതിയാണ് തീരുമാനിക്കേണ്ടത്. ഇപി ജയരാജന്‍ വധക്കേസിലെ പ്രതികളെ ശിക്ഷിച്ചിട്ടും അവര്‍ പുറത്തിറങ്ങിയിട്ടും കെ സുധാകരന്‍ പ്രതിയാക്കാന്‍ ഇപ്പോഴും കേസ് കോടതിയിലുണ്ട്. അടുത്ത മാസം അതിന്റെ വിധി വരാനുണ്ട്. ആ കേസിലും തന്നെ കുറ്റവിമുക്തനാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജയരാജന്റെ തലയില്‍ ഉണ്ടയുണ്ടെന്നു പറയുന്നു. അതുകാണിക്കൂവെന്ന് പറഞ്ഞപ്പോള്‍ അതു അലിഞ്ഞു പോയെന്നാണ് പറയുന്നത്. അപ്പോള്‍ തരിയുണ്ടയാണോ ജയരാജന്റെ തലയിലെന്നും സുധാകരന്‍ ചോദിച്ചു.

Hot Topics

Related Articles