തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ നിര്‍ദ്ദേശത്തെ എതിർത്ത് കേരള സര്‍ക്കാര്‍. ഈ നിർദ്ദേശം പ്രായോഗികമാല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വിഷയത്തില്‍ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്.
സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാന നഗരം തിരുവനന്തപുരമാണ്. അവിടെ അതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. വികസനത്തിനായി ഒരിഞ്ച് പോലും ഭൂമി ഏയേറ്റടുക്കാനില്ലാത്ത കൊച്ചി നഗരത്തിൽ ഓഫീസ് മാറ്റാന്‍ കഴിയില്ലെന്നും, ഇത് സർക്കാരിനു വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കേരള സർക്കാർ കേന്ദ്രത്തെ അറിയിക്കും.
2023 മാർച്ച് 9 നാണ് ഈ കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. തുടർന്ന്, മാർച്ച് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതിൽ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സർക്കാരിന് ഇതിൽ തുടർ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തിന്റെ ചുരുക്കം.