തിരുവനന്തപുരം: സഹകരണ അംഗ സമാശ്വാസ പദ്ധതിയില്‍ നിന്ന് 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 11,060 അപേക്ഷകര്‍ക്കാണ് 22,93,50,000 രൂപ അനുവദിച്ചത്.ഗുരുതര രോഗങ്ങള്‍ ബാധിച്ച സഹകരണ സംഘം അംഗങ്ങള്‍ക്കാണ് സമാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കുന്നത്. ഇതുവരെയുള്ള അപേക്ഷകള്‍ മുഴുവന്‍ തീര്‍പ്പാക്കിയതായി സഹകരണ മന്ത്രി വി.എന്‍. വാസവന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ടാം തവണയാണ് സമാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 11,194 പേര്‍ക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു.
അര്‍ബുദം, വൃക്കരോഗം, കരള്‍ രോഗം, പരാലിസിസ്, അപകടത്തില്‍ കിടപ്പിലായവര്‍, എച്ച്.ഐ.വി, ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ബൈപ്പാസ്, ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍, മാതാപിതാക്കള്‍ മരിച്ചു പോയ സാഹചര്യത്തില്‍ അവര്‍ എടുത്ത ബാദ്ധ്യത പേറേണ്ടി വരുന്ന കുട്ടികള്‍ എന്നിവര്‍ക്കാണ് സമാശ്വാസ സഹായം നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ കേരള സഹകരണ അംഗം സമാശ്വാസ നിധിയിലേക്ക് അടയ്ക്കുന്ന വിഹിതത്തില്‍ നിന്നാണ് സഹായധനം നല്‍കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശ്ശൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം അപേക്ഷകള്‍ ലഭിച്ചത്. 2,222 പേര് വിവിധ വിഭാഗങ്ങളിലായി അപേക്ഷ നല്കി. 4,51,70,000 രൂപ സമാശ്വാസമായി അനുവദിച്ചു. തിരുവനന്തപുരം 322- 71,75,000, കൊല്ലം 1021- 2,14,15,000, പത്തനംതിട്ട 640- 1,25,70,000, ആലപ്പുഴ 775- 1,59,80,000, കോട്ടയം 1372- 2,79,10,000, എറണാകുളം 1279- 2,69,90,000, പാലക്കാട് 611-1,28,70,000, കോഴിക്കോട് 360- 75,75,000, മലപ്പുറം 583- 1,24,50,000, വയനാട് 462- 1,01,25,000, കണ്ണൂര്‍ 973- 2,05,55,000, കാസര്‍കോട് 410- 82,25,000 രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.