ആലപ്പുഴ : തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്ക്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയില്‍ എടത്വ വെട്ടുതോട് പാലത്തിനു സമീപം തലവടി ഫെഡറല്‍ ബാങ്കിനു മുകളിലെ എക്കോസ് ബില്‍ഡിംഗില്‍ കൂടുകൂട്ടിയ തേനീച്ചകളാണ് ആളുകളെ ആക്രമിച്ചത്. എടിഎം കൗണ്ടറില്‍ പണമെടുക്കാനെത്തിയവര്ക്കും വഴിയാത്രക്കാര്‍ക്കും ലോട്ടറി വില്പനക്കാരനും രക്ഷിക്കാനെത്തിയവര്‍ക്കും തേനിച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
തലവടി പരുത്തിക്കാട്ടില്‍ ചാക്കോ മാത്യു, പഴയചിറയില്‍ രഘുനാഥന്, മൂന്നുപറയില്‍ സിജോ സെബാസ്റ്റ്യന്‍, ചെറുകുന്നേല്‍ സുനില്‍കുമാര്‍, കൊച്ചമ്മച്ചേരില് ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിലും വണ്ടാനം മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിച്ചു. ഫെഡറല്‍ ബാങ്ക് എടിഎം കൗണ്ടറില്‍ കയറിയവരുടെ ഹെല്‍മറ്റില്‍ കടന്നുകൂടിയ തേനിച്ച ഇവരെ ആക്രമിച്ചതോടെ ഇവര്‍ ഹെല്‍മറ്റ് ഊരിയെറിഞ്ഞു. തുടര്‍ന്ന് സമീപത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന ശ്രീനാരായണ ലോട്ടറി കടയുടമ രഘുനാഥിനെ ക്രൂരമായി തേനീച്ച ആക്രമിച്ചു. ഇതോടെ സമീപത്തുണ്ടായവര്ക്കും തേനിച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു.